X

മഴ പേടിയില്‍ പാക്കിസ്താന്‍ ഇന്ന് ശ്രീലങ്കക്കെതിരെ

കൊളംബോ: ഇന്ന് മഴ പെയ്താലോ…? പാക്കിസ്താന്റെ കഥ അവസാനിക്കും. ശ്രീലങ്കക്കാര്‍ ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിന് യോഗ്യതയും നേടും. വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്താന് ഇന്ന് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരമാണ്. മഴ മാറി നിന്ന് പൂര്‍ണമായും മല്‍സരം നടക്കണം. പാക്കിസ്താന്‍ വലിയ മാര്‍ജിനില്‍ ജയിക്കണം. റണ്‍റേറ്റില്‍ താഴോട്ട് പോവരുത്. പക്ഷേ പ്രശ്‌നം കാലാവസ്ഥ തന്നെയാണ്. ഇന്നും മഴക്ക് സാധ്യതയാണ് പറയപ്പെടുന്നത്. മഴ പെയ്താല്‍ കളി ഉപേക്ഷിക്കും. റിസര്‍വ് ദിനമില്ലാത്തതിനാല്‍ രണ്ട് ടീമുകള്‍ക്കും പോയിന്റ് വീതിച്ച് നല്‍കും. അത്തരം സാഹചര്യത്തില്‍ കാര്യങ്ങള്‍ ലങ്കക്ക് അനുകൂലമാവും. സൂപ്പര്‍ ഫോര്‍ പോയിന്റ് ടേബിളില്‍ രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ നാല് പോയിന്റുമായി ഫൈനല്‍ ഉറപ്പാക്കിയിരിക്കുന്നു. രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റാണ് ലങ്ക സമ്പാദിച്ചത്. പാക്കിസ്താനും ഇതേ പോയിന്റുണ്ട്. പക്ഷേ റണ്‍റേറ്റില്‍ ലങ്കയാണ് മുന്നില്‍. ആദ്യ രണ്ട് കളികളും തോറ്റ ബംഗ്ലാദേശ് പുറത്തായിക്കഴിഞ്ഞു. കടുവകളുടെ അവസാന മല്‍സരം നാളെ ഇന്ത്യക്കെതിരെയാണ്.

പാക്കിസ്താന് ഇന്ന് തലവേദന മുഖ്യ ബൗളര്‍മാരുടെ പരുക്കാണ്. നസീം ഷാ എന്ന സീമര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തന്നെ പുറത്തായി. ഹാരിസ് ഔഫും കളിക്കില്ല. പിന്നെ ഷഹിന്‍ഷാ അഫ്രീദി മാത്രമാണ് മുന്‍നിരയിലെ ഏക സീമര്‍. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ തകര്‍ന്നു പോയത് മാത്രമായിരുന്നില്ല പാക്കിസ്താന് തിരിച്ചടിയായത്- തോല്‍വിയുടെ ആഘാതമാണ്. ഇത് വഴി റണ്‍നിരക്ക് കുത്തനെ കുറഞ്ഞു. ഇവിടെയാണ് ലങ്ക മേല്‍ക്കൈ നേടിയത്. വലിയ വിജയമാണ് ഇന്നത്തെ ലക്ഷ്യമെന്ന് പാക്കിസ്താന്‍ നായകന്‍ ബബര്‍ അസം വ്യക്തമാക്കി. മുഖ്യ താരങ്ങളുടെ പരുക്ക് തിരിച്ചടിയാണ്. എങ്കിലും നിര്‍ണായക മല്‍സരത്തില്‍ അവസരം ലഭിക്കുന്ന താരങ്ങള്‍ മികവ് കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലങ്കക്ക് പുതിയ സ്പിന്നറെ ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ദുനിത് വെല്ലാലഗേ. വിരാത് കോലി ഉള്‍പ്പെടെ ലോക ക്രിക്കറ്റിലെ അനുഭവ സമ്പന്നരായ ബാറ്റര്‍മാരെ വിറപ്പിച്ച യുവ സ്പിന്നര്‍ക്കൊപ്പം മതീഷ പതിരാന എന്ന സീമറുമാവുമ്പോള്‍ പാക് ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

webdesk11: