X
    Categories: Views

അമേരിക്ക-പാകിസ്താന്‍ ബന്ധം വഷളാവുന്നു

ഇസ്്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാകിസ്താന്‍ യു.എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. തീവ്രാവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കിയിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ച് തൊട്ടുപിന്നാലെ പാക് വിദേശകാര്യ മന്ത്രാലയം യു.എസ് അംബാസഡര്‍ ഡേവിഡ് ഹേലിനെ വിളിച്ചുവരുത്തുകയായിരുന്നു.
പുതുവര്‍ഷത്തിലെ ആദ്യ ട്വീറ്റില്‍ പാകിസ്താനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 15 വര്‍ഷത്തിനിടെ അമേരിക്ക പാകിസ്താന് 33000 കോടി ഡോളര്‍ സഹായമായി നല്‍കിയിട്ടുണ്ടെന്നും അത് വിഡ്ഢിത്തമായിപ്പോയെന്നും നുണയും ചതിയുമല്ലാതെ മറ്റൊന്നും അവര്‍ തിരിച്ചു തന്നിട്ടില്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ ട്രംപിന്റെ വിമര്‍ശനങ്ങളെ പാകിസ്താന്‍ പുച്ഛിച്ചുതള്ളി. അഫ്ഗാനിസ്താനിലെ യുദ്ധത്തില്‍ പരാജയപ്പെട്ടതിന് ട്രംപ് പാകിസ്താനെ പഴിചാരുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് ആരോപിച്ചു. അഫ്ഗാനിസ്താനിലെ യു.എസ് പരാജയത്തില്‍ ട്രംപ് നിരാശനാണ്. അദ്ദേഹം പാകിസ്താനെ കുറ്റപ്പെടുത്താനുള്ള പ്രധാന കാരണം അതാണെന്ന് ആസിഫ് ജിയോ ടിവിയോട് പറഞ്ഞു.
കൂടുതല്‍ ഒന്നും ചെയ്യില്ലെന്ന് ഞങ്ങള്‍ അമേരിക്കയെ അറിയിച്ചതാണ്. അതുകൊണ്ട് തന്നെ കൂടുതലൊന്നും തരില്ലെന്ന ട്രംപിന്റെ വാക്കുകള്‍ക്ക് ഒരു വിലയുമില്ല.
അമേരിക്കയില്‍നിന്ന് കിട്ടിയ സഹായത്തിന്റെ വിശദാംശങ്ങള്‍ പരസ്യമായി പുറത്തുവിടാന്‍ പാകിസ്താന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമക്കി. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖുറം ദസ്തഗീറും പറഞ്ഞു. ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിന് പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസി സൈനിക മേധാവിയും വ്യോമ, നാവിക സേനാ മേധാവിമാരും ഇന്റലിജന്‍സ് തലവന്‍മാരും മന്ത്രിമാരും അടങ്ങുന്ന ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
യു.എസ് പ്രസിഡന്റിന്റെ അപക്വവവും നിരുത്തരവാദപരവുമായ പ്രസ്താവനക്ക് കടുത്ത മറുപടി നല്‍കാന്‍ തന്നെയാണ് പാക് നേതൃത്വത്തിന്റെ തീരുമാനം. തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങള്‍ക്കെതിരെ ഏകപക്ഷീയ നടപടി സ്വീകരിക്കുന്നതിനെതിരെ പാക് സൈന്യം അമേരിക്കക്ക് മുന്നറിയിപ്പുനല്‍കി.
ഡിസംബറില്‍ അഫ്ഗാനിലെ യു.എസ് സൈനിക താവളം സന്ദര്‍ശിച്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പാകിസ്താന് ട്രംപ് മുന്നറിയിപ്പുനല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. സമാധാനവും അനുരഞ്ജനവും സൃഷ്ടിക്കുന്നതിനു പകരം സഖ്യകക്ഷികള്‍ പരസ്പരം നോട്ടീസ് നല്‍കാറില്ലെന്നായിരുന്നു പെന്‍സിന്റെ പ്രസ്താവനക്ക് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.

chandrika: