ഇസ്ലാമാബാദ്: നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ക്ഷണിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. ‘തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മോദിയുടെ ശ്രദ്ധ മുഴുവനും പാകിസ്താനെ ആക്രമിക്കുന്നതിലായിരുന്നു. അതിൽ നിന്ന് പുറത്തുകടക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിയല്ല…’ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഖുറൈഷി പറഞ്ഞു.
ബംഗ്ലാദേശ്, മ്യാന്മർ, ശ്രീലങ്ക, തായ്‌ലാന്റ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരെ നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇംറാൻ ഖാനെ ക്ഷണിക്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖുറൈഷിയുടെ പരാമർശം.
2014-ൽ മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പാകിസ്താനും അഫ്ഗാനിസ്താനുമടക്കം ‘സാർക്ക്’ രാജ്യങ്ങളുടയെല്ലാം തലവന്മാരെ ക്ഷണിച്ചിരുന്നു. പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് പങ്കെടുക്കുകയും ചെയ്തു. ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ഇംറാൻ ഖാൻ മോദിയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിച്ചിരുന്നു. എന്നാൽ, സത്യപ്രതിജ്ഞക്ക് അയൽക്കാരെ വിളിച്ചപ്പോൾ പാകിസ്താനെ മാത്രം അകറ്റി നിർത്തുകയായിരുന്നു.
സത്യപ്രതിജ്ഞയിൽ പങ്കെടുക്കുകയല്ല പ്രധാനമെന്നും കശ്മീർ അടക്കം ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും ഖുറൈഷി പറഞ്ഞു. ‘സംഭാഷണം തുടരാൻ പുതിയ വഴി കണ്ടെത്തേണ്ടത് ഇന്ത്യയാണ്. മേഖലയിൽ വികസനം കൊണ്ടുവരാൻ മോദി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്താനുമായുള്ള ചർച്ചയിലൂടെ മാത്രമേ അത് സാധ്യമാകൂ. സംഘർഷങ്ങൾ ലഘൂകരിക്കുക എന്നതാണ് പാകിസ്താന്റെ താൽപര്യം. ഞങ്ങൾ സംഘർഷമുണ്ടാക്കില്ല. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് ഒരു പങ്കുമില്ലെന്ന് ഇന്ന് ലോക രാഷ്ട്രങ്ങൾക്കറിയാം.’ – ഖുറൈഷി ഫറഞ്ഞു.