X

പാക് മാധ്യമപ്രവര്‍ത്തകന് രാജ്യംവിടുന്നതിന് വിലക്ക്

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് വാര്‍ത്ത നല്‍കിയ പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനെ രാജ്യംവിടുന്നതില്‍നിന്ന് വിലക്കി. ഡോണ്‍ പത്രത്തിന്റെ സിറില്‍ അല്‍ മെയ്ദയെയാണ് രാജ്യത്തിന് പുറത്തുപോകുന്നതില്‍നിന്ന് പാക് ഭരണകൂടം തടഞ്ഞിരിക്കുന്നത്.
സിറില്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റിലാണ് താനെന്ന് അദ്ദേഹം അറിയിച്ചു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഭരണകൂടവും സൈനിക നേതൃത്വവും രണ്ടു തട്ടിലാണെന്ന് ഡോണ്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിറില്‍ പറഞ്ഞിരുന്നു.
രാജ്യത്ത് വളര്‍ന്നുവരുന്ന തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാകിസ്താന്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുമെന്ന് പാക് സൈനിക മേധാവിക്ക് ഭരണകൂടം മുന്നറിയിപ്പുനല്‍കിയതായും ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്നലെ ദുബൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് എക്‌സിറ്റ് കണ്‍ട്രോള്‍ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയ വിവരം സിറില്‍ അറിഞ്ഞത്. ഡോണ്‍ പത്രത്തില്‍ വന്ന വാര്‍ത്ത പാക് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി. വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായി ഡോണ്‍ പത്രം പ്രഖ്യാപിച്ചിട്ടുണ്ട്.
എക്‌സിറ്റ് കണ്‍ട്രോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ദുബൈയിലേക്ക് വിമാനം കയറാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകരുതെന്നും അറിയിപ്പ് ലഭിച്ചപ്പോള്‍ ദു:ഖവും അമ്പരപ്പും തോന്നിയെന്ന് സിറില്‍ പറഞ്ഞു. പാകിസ്താന്‍ എന്റെ മാതൃരാജ്യമാണ്. ഇവിടംവിട്ട് എവിടെപ്പോകാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗോവന്‍ കാത്തലിക്‌സ് വിഭാഗത്തില്‍പെട്ട സിറിലിന്റെ പിതാമഹന്മാര്‍ ഗോവയില്‍നിന്ന് കുടിയേറി കറാച്ചിയിലെത്തിയവരാണ്.
ഒരുനൂറ്റാണ്ടു മുമ്പു തന്നെ ഗോവയില്‍നിന്ന് കറാച്ചിയിലേക്ക് കുടിയേറ്റം ആരംഭിച്ചിരുന്നു. സിറിലിന്റെ തലമുറയില്‍പെട്ട പലരും ഇപ്പോള്‍ പാകിസ്താനില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. സിറില്‍ പലപ്പോഴും ഗോവയില്‍ സന്ദര്‍ശനത്തിന് വരാറുണ്ട്.
തീവ്രവാദ വിഷയത്തില്‍ പാക് ഭരണകൂടവും സൈനിക നേതൃത്വവും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ പാകിസ്താന്‍ തീവ്രവാദികളെ ആയുധമാക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടത്തെയും സൈന്യത്തെയും എതിര്‍ക്കുന്നവരെ നിശബ്ദമാക്കുകയാണ് പാകിസ്താന്‍ ചെയ്തുപോരുന്നത്.

chandrika: