ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു മതവിശ്വാസികള്‍ക്കു വേണ്ടിയുള്ള ‘ഹിന്ദു വിവാഹ ബില്‍’ പാക് പാര്‍ലമെന്റ് പാസാക്കി. പാകിസ്താനിലെ ഹിന്ദു സമൂഹത്തിന്റെ ആദ്യത്തെ വ്യക്തിഗത നിയമമാണിത്. ‘ഹിന്ദു മാര്യേജ് ബില്‍ 2017’ നാഷണല്‍ അസംബ്ലി ഐകകണ്‌ഠ്യേന അംഗീകരിച്ചതോടെയാണ് പാക് ചരിത്രത്തിലെ നാഴികക്കല്ലായ നിയമം നിലവില്‍ വന്നത്.
മുസ്ലിംകളുടെ ‘നികാഹ് നാമ’ക്ക് സമാനമായ ‘ഷാദി പരത്’ അടക്കമുള്ള ബില്ലിനാണ് അംഗീകാരമായത്. വിവാഹം നടത്തിക്കൊടുക്കുന്ന പണ്ഡിറ്റിന്റെ ഒപ്പോടു കൂടിയ ഷാദി പരത് ബന്ധപ്പെട്ട വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ വിവാഹം ഔദ്യോഗികമാവും.
ഹിന്ദു വനിതകള്‍ക്ക് തങ്ങളുടെ വിവാഹത്തിന് രേഖാമൂലമുള്ള തെളിവ് ലഭ്യമാക്കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ സവിശേഷത. ഇതുവരെ ഹിന്ദു വനിതകള്‍ക്ക് ആ സൗകര്യം ലഭ്യമായിരുന്നില്ല. ഭരണകക്ഷിയായ പി.എം.എല്‍ – എന്‍ അംഗവും മനുഷ്യാവകാശ മന്ത്രിയുമായ കംറാന്‍ മൈക്കല്‍ ആണ് ബില്‍ നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താനില്‍ ക്രിസ്തുമത വിശ്വാസിയായ കംറാന്‍ മൈക്കല്‍ ഹിന്ദു നിയമത്തിനു വേണ്ടിയുള്ള ബില്‍ അവതരിപ്പിച്ചത് കൗതുകമായി.