ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായി നടക്കുന്ന മത്സരത്തിനു മുന്നോടിയായി ടീം അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ്. നിര്‍ണായക മത്സരത്തിനു മുന്നോടിയായി കളിയും ഫീല്‍ഡിങ് നിലവാരവും മെച്ചപ്പെടുത്താന്‍ താരങ്ങള്‍ തയ്യാറാവണമെന്ന് സര്‍ഫറാസ് നിര്‍ദേശിച്ചു. ഞായറാഴ്ച ഓള്‍ഡ് ട്രാഫോഡിലാണ് ഇരുടീമുകളും തമ്മിലുള്ള ലോകകപ്പ് പോരാട്ടം.
ഇന്നലെ ടൗണ്‍ടണില്‍ ഓസ്‌ട്രേലിയയുമായുള്ള മത്സരത്തില്‍ പാകിസ്ഥാന്‍ 41 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്റെ പരാമര്‍ശം. ക്യാച്ചുകള്‍ വിട്ടു കളഞ്ഞതടക്കം ഫീല്‍ഡിങ്ങിലെ നിരവധി താളപ്പിഴവുകളാണ് ഇന്നലെ ഓസ്‌ട്രേലിയക്ക് കനത്ത സ്‌കോര്‍ സമ്മാനിച്ചത്.
വമ്പന്മാരായ ഇന്ത്യയെയും ഓസ്‌ട്രേലിയയെയും നേരിടണമെങ്കില്‍ ബാറ്റിങ്ങും ബൗളിങ്ങും ഫീല്‍ഡിങ്ങും ഒരുപോലെ മെച്ചപ്പെട്ടേ പറ്റൂ. വന്ന പിഴവുകളെ തിരുത്തി ഞങ്ങള്‍ മുന്നോട്ടു പോകും. ഇന്ത്യ ശക്തമായ ടീമാണെന്നും സര്‍ഫറാസ് വ്യക്തമാക്കി. ഇന്ത്യക്കെതിരെ കളിക്കുന്നതിനായി കഠിന പ്രയത്‌നം നടത്തുമെന്നും സര്‍ഫറാസ് വ്യക്തമാക്കി. 1992-നു ശേഷം ലോകകപ്പില്‍ ഇന്ത്യയെ ഒരിക്കല്‍പോലും തോല്‍പിക്കാന്‍ പാകിസ്ഥാനു കഴിഞ്ഞിട്ടില്ല.