ഇസ്‌ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധത്തില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി അതിര്‍ത്തിയില്‍ പടയൊരുക്കം. നിയന്ത്രണ രേഖയോടു ചേര്‍ന്നു കിടക്കുന്ന എല്ലാ വ്യോമസേനാ താവളങ്ങളും പ്രവര്‍ത്തന സജ്ജമാക്കാന്‍ പാകിസ്താന്‍ നടപടി തുടങ്ങി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് 12,000 ഉദ്യോഗസ്ഥര്‍ക്ക് വ്യോമസേനാ മേധാവി ബി.എസ് ധനോവ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിനു പിന്നാലെ നൗഷേറ സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന പാക് സൈനിക പോസ്റ്റുകളും ബങ്കറുകളും ഇന്ത്യ തകര്‍ക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനും സൈന്യത്തെ സജ്ജമാക്കുന്നത്.
സികര്‍ദുവിലെ ഖ്വാദ്രി വ്യോമതാവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പാക് വായുസേനാ മേധാവി സുഹൈല്‍ അമന്‍ ആണ് സൈനിക സജ്ജീകരണം സ്ഥീരീകരിച്ചത്. ഇന്ത്യന്‍ ഭീഷണിയെ നേരിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ശത്രുരാജ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അവര്‍ മാത്രമല്ല, അവരുടെ വരും തലമുറ കൂടി അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. ”പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ നോക്കിയിരിക്കില്ല. ശത്രുരാജ്യത്തിന്റെ ഭീഷണിയിലോ പ്രസ്താവനകളിലോ ഭയമില്ല. ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണ്”- സുഹൈല്‍ അമന്‍ കൂട്ടിച്ചേര്‍ത്തു. ഖ്വാദ്രി വ്യോമതാവളത്തില്‍ നടന്ന പാക് യുദ്ധ വിമാനങ്ങളുടെ പരിശീലനം അദ്ദേഹം വിലയിരുത്തി.
ഇതിനിടെ പാക് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇന്ത്യന്‍ സൈന്യം ഇക്കാര്യം നിഷേധിച്ചു. സിയാച്ചിന്‍ മലനിരകള്‍ക്ക് മുകളിലൂടെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പറന്നതായി പാകിസ്താന്‍ തന്നെയാണ് അവകാശപ്പെട്ടത്. പാക് യുദ്ധവിമാനമായ മിറാഷ് ജെറ്റ് ആണ് തന്ത്രപ്രധാനമായ സിയാച്ചിനുമുകളിലൂടെ പറന്നത്. സൈനിക പോസ്റ്റുകള്‍ ആക്രമിച്ച ഇന്ത്യക്ക് മറുപടി നല്‍കാന്‍ സൈന്യം ഒരുങ്ങുന്നതായി പാക് റേഡിയോയും റിപ്പോര്‍ട്ട് ചെയ്തു.
കാറക്കോറം പര്‍വ്വതനിരകളില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ദുഷ്‌കരവുമായ യുദ്ധ ഭൂമിയാണ്. 1984 മുതല്‍ ഇന്ത്യന്‍ പട്ടാളത്തിനാണ് ഇവിടെ മേല്‍ക്കൈ. 19,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇന്ത്യന്‍ പട്ടാളത്തിന്റെ ആത്മധൈര്യത്തിന്റെ പ്രതീകമായാണ് സിയാച്ചിന്‍ യുദ്ധഭൂമിയെ ലോകം നോക്കിക്കാണുന്നത്.
അതിര്‍ത്തിയില്‍ പാക് പടയൊരുക്കം
Tags: INDIA-PAK