X

പേ പിടിച്ചത് പട്ടിക്കോ ആരോഗ്യ വകുപ്പിനോ-എഡിറ്റോറിയല്‍

തെരുവില്‍ അലയുന്ന നായ്ക്കള്‍ ലോകത്തെല്ലായിടത്തും വലിയ സാമൂഹിക വിപത്താണ്. ഇതിനെതിരായി വിവിധ പ്രതിരോധ നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കാറുണ്ടെങ്കിലും അടുത്ത കാലത്തായി തെരുവുനായ്ക്കളുടെ കടിയേല്‍ക്കുകയും പേ വിഷബാധ ഏല്‍ക്കുകയും മരണമടയുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. സുപ്രീംകോടതിപോലും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും വേണ്ടത്ര യാതൊരുവിധ പുരോഗതിയും ഇക്കാര്യത്തിലുണ്ടാവുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ പേ വിഷ ബാധയേറ്റ് കേരളത്തില്‍ രണ്ടു പേര്‍ മരിക്കാനിടയായ സംഭവം വിരല്‍ചൂണ്ടുന്നത് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കടിയേല്‍ക്കാന്‍ വിധിക്കപ്പെടുന്ന ഹതഭാഗ്യരുടെ ജീവന്റെ കാര്യത്തിലും സര്‍ക്കാര്‍ ക്രൂരമായ നിസ്സംഗത കാണിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. പേവിഷ ബാധക്കുള്ള ആന്റിറാബീസ് വാക്‌സിന്റെ ഗുണനിലവാരമാണ് ഇത്തരത്തില്‍ രോഗികള്‍ മരണത്തിലേക്ക് വലിച്ചിഴക്കപ്പെടാനിടയാക്കിയിരിക്കുന്നത്. മരുന്നിന്റെ ഫലപ്രാപ്തി പരിശോധന പോലും പൂര്‍ത്തിയാക്കാത്ത വാക്‌സിനുകള്‍ വന്‍തോതില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപ്രതികളിലേക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ വാങ്ങിയതാണ് മരുന്ന് ഫലിക്കാതിരിക്കാനും മരണം സംഭവിക്കാനും ഇടയാക്കിയിരിക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ പേപ്പട്ടിയുടെ കടിയേറ്റ 20ഓളം പേരാണ് സംസ്ഥാനത്ത് മരുന്ന് ഫലിക്കാതെ മരണപ്പെട്ടതെന്നതോര്‍ക്കുമ്പോള്‍ നമ്മുടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത എത്രത്തോളമെന്ന് ഉത്തരോത്തരം ബോധ്യമാകും. 2015-2019 കാലത്ത് ഇതുമായി ബന്ധപ്പെട്ട് ഒരൊറ്റ മരണവും സംസ്ഥാനത്തുണ്ടായിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍ ഈ കൂട്ടക്കുരുതിക്കുത്തരവാദികളായവരെ അകത്തിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നര്‍ഥം.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വിലകൊടുത്ത് വാങ്ങിയ ആന്റിറാബീസ് വാക്‌സിനാണ് നിലവാരമില്ലാത്തതുകാരണം മരണംവിതച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ഇവയുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കുകയും പുതുതായി ഗുണനിലവാരമുള്ള വാക്‌സിനുകള്‍ എത്തിക്കുകയും ചെയ്തിരുന്നു. കുത്തിവെപ്പെടുത്തിട്ടും കോഴിക്കോട് പേരാമ്പ്രയില്‍ കഴിഞ്ഞദിവസം വീട്ടമ്മ മരണപ്പെടുകയുണ്ടായി. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍നിന്ന് നാല് ഡോസ് വാക്‌സിന്‍ എടുത്തിരുന്നതാണ്. പാലക്കാട്ട് കോളജ് വിദ്യാര്‍ഥിയായ 19കാരിക്ക് കുത്തിവെപ്പെടുത്തെങ്കിലും ഒരുമാസം കഴിഞ്ഞ് ജൂണില്‍ പേവിഷബാധകാണുകയും പെട്ടെന്ന് മരണപ്പെടുകയുമായിരുന്നു. ഈ വര്‍ഷം ഇതുവരെ രണ്ടു പേരും കഴിഞ്ഞ വര്‍ഷം 11 പേരും 2020ല്‍ അഞ്ചു പേരുമാണ് പേവിഷ ബാധയില്‍ സംസ്ഥാനത്ത് മരണമടഞ്ഞതെന്നാണ് ഔദ്യോഗിക കണക്ക്.

തെരുവുനായ്ക്കളുടെ ആധിക്യവും വ്യാപനവും കണക്കിലെടുത്ത് അവയുടെ നിയന്ത്രണ മാര്‍ഗങ്ങള്‍ തദ്ദേശസ്ഥാപനങ്ങളെ ഏല്‍പിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പേരിനുമാത്രമാണ് എബിസി (അനിമല്‍ബെര്‍ത് കണ്‍ട്രോള്‍) പദ്ധതി നടപ്പാക്കുന്നത്. മുമ്പ് ഇവയെ പിടികൂടി കൊല്ലുകയായിരുന്നുവെങ്കില്‍ മൃഗ പ്രേമികളുടെ സമ്മര്‍ദത്താല്‍ വന്ധ്യംകരണ പദ്ധതിയായി ഒതുക്കുകയായിരുന്നു. കണക്കുകള്‍ പെരുപ്പിച്ചുകാട്ടി പല തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വെട്ടിച്ചതായും വെളിപ്പെടുകയുണ്ടായി. അവിദഗ്ധരെന്ന കാരണത്താല്‍ കുടുംബശ്രീയെ ഇതില്‍നിന്ന് കോടതിയിടപെട്ട് ഒഴിവാക്കുകയുംചെയ്തു. തെരുവില്‍ പെറ്റുപെരുകുന്ന നായ്ക്കളോടൊപ്പം വളര്‍ത്തുനായ്ക്കള്‍ക്ക് സമയാസമയം കുത്തിവെപ്പെടുക്കാത്തതും പേ ലക്ഷണം കണ്ടാല്‍ പുറത്തേക്ക് തുറന്നുവിടുകയുംചെയ്യുന്ന രീതി ഇന്നും നമുക്കിടയിലുണ്ട്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും വീട്ടമ്മമാരുമാണ് അധികവും ഇവയുടെ ഇരയാകുന്നത്. ഇവരെ കാര്യമായ പ്രതിരോധമില്ലാതെ ആക്രമിക്കാനാകുമെന്നതാണ് കാരണം. മാലിന്യങ്ങള്‍ തെരുവില്‍ വലിച്ചെറിയുന്നവരോടൊപ്പം ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഭരണ സംവിധാനങ്ങളുമാണ് ഇതിനെല്ലാം കാരണക്കാര്‍. ഇനിയൊരു മരണവും പേ വിഷംമൂലം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് സമൂഹം സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വേണ്ടത്ര, ഗുണനിലവാരമുള്ള വാക്‌സിന്‍ എത്തിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ജനങ്ങളുടെ ജീവനും ആരോഗ്യവുമായി ബന്ധപ്പെട്ട് ഭാരിച്ച ഉത്തരവാദിത്തമുള്ള ആരോഗ്യവകുപ്പിന്റെ അധികൃതരുടെ ഭാഗത്തുനിന്ന് കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തട്ടിപ്പും അഴിമതിയും പേ വിഷ മരുന്നിന്റെ കാര്യത്തിലുമുണ്ടായെന്നാണ് ഈ മരണങ്ങള്‍ വ്യക്തമാക്കുന്നത്. ഒന്നര നൂറ്റാണ്ടുമുമ്പ് ലൂയിപാസ്ചര്‍ വികസിപ്പിച്ചെടുത്ത പേ വിഷ വാക്‌സിന്‍കൊണ്ട് ലോകം ഇന്നോളം അഹങ്കരിക്കുമ്പോഴാണ് അതേ വാക്‌സിന്‍ കാരണം സാക്ഷര കേരളത്തില്‍ മനുഷ്യര്‍ മരണം വരിക്കേണ്ടിവരുന്നതെന്നത് ചുരുക്കിപ്പറഞ്ഞാല്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്തവും വഷളത്തരവുമാണ്. പേ ബാധിച്ചത് യഥാര്‍ഥത്തില്‍ പട്ടികള്‍ക്കോ ആരോഗ്യവകുപ്പിനോ എന്നാണിപ്പോള്‍ സന്ദേഹിക്കേണ്ടിവന്നിരിക്കുന്നത്.

Test User: