X

തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോണ്‍ പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, പ്രതിസന്ധിയിലായി സാജിര്‍

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.

താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂർ പൊലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് സൈബർ പൊലീസിന്റെ നിർദേശപ്രകാരം ജയ്പൂരിലെ ജവഹർ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ ഫോൺ പേ വഴി അയച്ചിരുന്നു. ജവഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട് മരവിപ്പിച്ചത്.

അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയ്പൂരിൽ പോയി അന്വേഷിക്കാനാണ് ബാങ്ക് അധികൃതർ പറയുന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഇവിടെ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിസ്സാര സംഖ്യ ട്രാൻസ്ഫർ ചെയ്തതിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിച്ചതോടെ വ്യാപാരിയായ സാജിർ വലിയ പ്രയാസത്തിലാണ്. പ്രതിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പകരം വ്യാപാരികളുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് എന്തിന്റെ പേരിലാണെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.

webdesk13: