പഹൽഗാം ഭീകരാക്രമണം; ഭീകരന്‍ ആദിലിന്‍റെ വീട് തകര്‍ത്തു; തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.

വീടുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ആദില്‍ തോകര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവര്‍ക്കായാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്.

ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.
2019ന് ശേഷം നടക്കുന്ന ഏറ്റവും  വലിയ ഭീകരാക്രമണമാണിത്. ഭീകരരില്‍ ചിലര്‍ സൈനികവേഷത്തിലായിരുന്നുവെന്നും പേര് ചോദിച്ച ശേഷം നെറ്റിയില്‍ നിറയൊഴിക്കുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുല്‍മേട്ടില്‍ വിശ്രമിച്ചിരുന്ന സഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

webdesk14:
whatsapp
line