കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത് 70 ലധികം രാജ്യങ്ങള്‍. അയ്യായിരത്തിലധികം കായിക താരങ്ങള്‍. രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവരെല്ലാം ലോകോത്തര നിലവാരത്തിലുള്ളവര്‍. അവര്‍ക്കിടയില്‍ നിന്ന് രണ്ട് മലയാളികള്‍ ഒന്നും രണ്ടും സ്ഥാനവും നേടുക എന്നത് അല്‍ഭുതകരമായ നേട്ടമാണ്. ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിനും വെള്ളി നേടിയ അബ്ദുല്ല അബുബക്കറിനും മനം നിറഞ്ഞ അനുമോദനങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യക്ക് മെച്ചപ്പെട്ട റെക്കോര്‍ഡുകളുണ്ട്. പഴയ ബ്രിട്ടിഷ് കോമണ്‍വെല്‍ത്തിലെ രാജ്യങ്ങളില്‍ ആള്‍ബലം കൊണ്ട് കരുത്തരായ രാജ്യം നാല് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ മെഡല്‍പ്പട്ടികയില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിറകെ മൂന്നാം സ്ഥാനത്ത് വന്നിരുന്നു. ഷൂട്ടിംഗ്, ഗുസ്തി, ബോക്‌സിംഗ് തുടങ്ങിയ ഗെയിംസ് ഇനങ്ങളായിരുന്നു അവിടെ ഇന്ത്യക്ക് കരുത്തായത്. ബിര്‍മിംഗ്ഹാമിലേക്ക് വന്നപ്പോള്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ ബെറ്റായ ഷൂട്ടിംഗ് മല്‍സര ഇനമാക്കിയില്ല. അതിന് പിറകില്‍ പഴയ വെള്ളക്കാരന്റെ മനസുണ്ടെങ്കിലും അത് കാര്യമാക്കാതെയാണ് നമ്മുടെ താരങ്ങള്‍ മല്‍സരിച്ചത്.
ഗെയിംസ് പത്ത് നാള്‍ പിന്നിടുമ്പോള്‍ 17 സ്വര്‍ണങ്ങള്‍. അതിലെ വലിയ നേട്ടം ട്രാക്കില്‍ നിന്നാണ്. പാലക്കാട്ടുകാരനായ മുരളി ശ്രീശങ്കര്‍ ലോംഗ് ജമ്പില്‍ വെള്ളി നേടിയത് എത്രയോ വലിയ പ്രതിയോഗികളെ കീഴ്‌പ്പെടുത്തിയാണ്. ഇന്നലെ ലോംഗ് ജമ്പ് പോലെ തന്നെ മറ്റൊരു ജമ്പില്‍ രണ്ട് മലയാളികള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വന്നിരിക്കുന്നു. കേരളത്തിന്റെ കായിക ചരിത്രത്തില്‍ നേട്ടങ്ങള്‍ പലതുണ്ട്. ടി.സി യോഹന്നാന്നും പി.ടി ഉഷയും എം.ഡി വല്‍സമ്മയും പത്മിനി തോമസും ഇബ്രാഹിം ചീനിക്കയും കെ.എം ബിനുവും ടിന്റു ലുക്കയും ജിസ്‌ന മാത്യവുമെല്ലാം പല വേദികളില്‍ മെഡല്‍പ്പട്ടികയില്‍ ഇടം നേടിയവരാണ്. ഇടക്കാലത്ത് കേരളം ഒന്ന് പിറകില്‍ പോയപ്പോള്‍ ഹരിയാനക്കാരും തമിഴ്‌നാടുമെല്ലാം കരുത്തരായി. ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം കേരളത്തിന്റെ പ്രാതിനിധ്യം കുറഞ്ഞു. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര ഒന്നാമനായപ്പോള്‍ അത് ചരത്രമായി. ടോക്കിയോ ഒളിംപിക്‌സില്‍ നിരജ് ചോപ്ര ജാവലിനില്‍ സ്വര്‍ണം നേടിയത് വിസ്മയമായി. നമ്മുടെ ദേശീയ ഗാനം ലോക വേദികളില്‍ ഉയര്‍ന്നു. ഇപ്പോഴിതാ മലയാളത്തിലുടെ ജനഗണമന ഉയര്‍ന്നിരിക്കുന്നു. അത് തന്നെയാണ് എല്‍ദോക്കും അബ്ദുല്ലക്കുമുള്ള സവിശേഷത. ലോക വേദിയില്‍ നമ്മുടെ ദേശീയ പതാക ഉയരുന്നതും നമ്മുടെ ദേശീയ ഗാനം കേള്‍ക്കുന്നതും പ്രത്യേക വികാരമാണ്. പലപ്പോഴും ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ദേശീയ ഗാനങ്ങള്‍ക്കായി എഴുന്നേറ്റ് നില്‍ക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു നമ്മുടെ താരങ്ങളും കാണികളും. അത് മാറിയിരിക്കുന്നു. കേരളാ താരങ്ങളിലുടെ ദേശീയ ഗാനം ഉയരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സവിശേഷ കായിക നേട്ടമാണ് ഇന്നലെ ബിര്‍മിംഗ്ഹാമിലുണ്ടായത്. ഈ കരുത്ത് തുടരണം. രാജ്യത്തെ പ്രതിനിധീകരിക്കുന്ന മുഴുവന്‍ താരങ്ങള്‍ക്കും അവരുടെ പരിശീലകര്‍ക്കും ഒരിക്കല്‍ കൂടി അനുമോദനങ്ങള്‍.
പുതിയ തലമുറക്ക് പ്രചോദനമാണ് എല്‍ദോയും മുരളിയും അബ്ദുല്ലയുമെല്ലാം കരസ്ഥമാക്കിയ നേട്ടങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നത്. അവിടെ ഇവരെല്ലാം മല്‍സരിച്ചിരുന്നു. ശ്രീശങ്കര്‍ ലോംഗ് ജമ്പ് ഫൈനലിലെത്തിയപ്പോള്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയായി മാറി. എല്‍ദോയും ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തി. ഫൈനലില്‍ സമ്മര്‍ദ്ദവും നിര്‍ഭാഗ്യവും വിനയായപ്പോള്‍ നിരാശ പ്രകടിപ്പിക്കാതെ അടുത്ത മല്‍സര വേദിയിലെത്തി. അവിടെ കരുത്തുറ്റ പ്രകടനം. ട്രിപ്പിള്‍ ജമ്പില്‍ ഇത് വരെ ഒരു ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17 മീറ്റര്‍ പിന്നിട്ടിട്ടില്ല. ഇന്നലെ എല്‍ദോ തന്റെ നാലാം ജമ്പില്‍ തന്നെ ഈ നേട്ടം കൈവരിച്ചപ്പോള്‍ അതാണ് തനിക്ക് പ്രചോദനമായതെന്ന് അബ്ദുല്ല പറഞ്ഞിരുന്നു. തന്റെ അഞ്ചാം ചാട്ടത്തില്‍ അദ്ദേഹവും 17 പിന്നിട്ടു. അങ്ങനെയാമ് രണ്ട് മെഡലുകള്‍. ബിര്‍മിംഗ്ഹാമിലെ സ്‌റ്റേഡിയത്തില്‍ ദേശീയ പതാകയുമായി രണ്ട് ഇന്ത്യക്കാര്‍ ആഹ്ലാദ പ്രകടനം നടത്തിയത് ഓരോ മലയാളിക്കും നല്‍കുന്ന സന്തോഷം ചെറുതല്ല. നമ്മുടെ താരങ്ങള്‍ പോസിറ്റീവാണ്. അവര്‍ പരസ്പരം അഭിനന്ദിച്ചാണ് മുന്നേറുന്നത്. തെറ്റുകള്‍ പരസ്പരം ഷെയര്‍ ചെയ്യുന്നു. ശരികള്‍ പങ്ക് വെക്കുന്നു. തുടരണം ഈ പോസിറ്റീവ് എനര്‍ജി. ഒളിംപക്‌സ് ഉള്‍പ്പെടെയുള്ള വേദികള്‍ കീഴടക്കാന്‍ നമുക്കാവും.