X
    Categories: Views

സിനിമക്കെതിരെ വീണ്ടും ബി.ജെ.പി; പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യം

ചരിത്ര സിനിമയായ പത്മാവതിക്കെതിരെ ഗുജറാത്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തി. ദീപിക പദുകോണ്‍ , ഷാഹിദ് കപൂര്‍ , രണ്‍വീര്‍ സിങ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു പരാതി നല്‍കിയത്. ഗുജറാത്തില്‍ ചിത്രം റിലീസ് ചെയ്യുന്നത് രാജ്പുത് സമുദായത്തിന്റെ വികാരം വ്രണപ്പെടുമെന്നും ഇത് സംഘര്‍ഷമുണ്ടാകുമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സജ്ഞയ് ലീലാ ബാന്‍സാലിയാണ് പദ്മാവതി ഒരുക്കുന്നത്.

ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരിക്കുന്ന ‘പദ്മാവതി’ നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും കത്തയക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്തിലെ ബിജെപി നേതാക്കള്‍. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ ജഡേജയാണ് ഇക്കാര്യം അറിയിച്ചത്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് ഈ സിനിമ. ദീപിക റാണി പത്മിനിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിടുന്നു. ഷാഹിദ് കപൂറുമുണ്ട്. ചിത്രത്തിന്റെ മുതല്‍മുടക്ക് 160 കോടി രൂപയാണ്.സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്‌നിക്കിരയാക്കിയത് വിവാദമായിരുന്നു.

chandrika: