X

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ തടഞ്ഞു

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ വിലക്കി. ഇന്നലെയാണ് ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കടക്കാമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചെത്തുകയായിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ എതിര്‍ത്തു. ഹിന്ദുഐക്യവേദി, ബ്രാഹ്മണസഭ എന്നീ സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

ക്ഷേത്രത്തില്‍ ഇന്ന് രാവിലെ ഏഴുമണിയോടെ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് എത്തിയിരുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ പ്രതിഷേധക്കാര്‍ സ്ത്രീകളെ തടയുകയായിരുന്നു. കിഴക്കേ നടയിലൂടെ ഇന്ന് സ്ത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പോലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം സ്വദേശിയായ അഡ്വ റിയ രാജുവാണ് ചുരിദാറിട്ട് കയറാന്‍ അനുമതി വേണമെന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഹൈക്കോടതി എക്‌സിക്യുട്ടീവ് ഓഫീസറോട് വിശദീകരണം തേടുകയായിരുന്നു. തുടര്‍ന്നായിരുന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്.

chandrika: