X

പത്മശ്രീ നിറവില്‍ അക്ഷര പുത്രി

യു.എ റസാഖ് തിരൂരങ്ങാടി

ജീവിത പരീക്ഷണങ്ങള്‍ക്കിടയിലെ ചെറിയ സന്തോഷമെന്ന് പത്മശ്രീ ജേതാവ് കെ.വി റാബിയ പറഞ്ഞു. പത്മശ്രീ പ്രഖ്യാപനത്തിന് ശേഷം ചന്ദ്രികയോട് പ്രതികരിക്കുകയായിരുന്നു റാബിയ. വലിയ പരീക്ഷണത്തിലൂടെയും ജീവിത തീഷ്ണതയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. ഈ വര്‍ഷത്തില്‍ തന്നെ നാല് മരണങ്ങളാണ് വീട്ടില്‍ സംഭവിച്ചത്. എനിക്ക് താങ്ങും തണലുമായിരുന്ന രണ്ട് സഹോദരിമാരും ഒരു സഹോദരി ഭര്‍ത്താവും അമ്മായിയും ഈ കോവിഡ് കാലത്ത് മരണപ്പെട്ടു. എന്റെ ഉയര്‍ച്ചയില്‍ എന്നും സന്തോഷിച്ചിരുന്ന അവരുടെ വേര്‍പ്പാടിലെ ദു:ഖത്തില്‍ റബ്ബ് നല്‍കിയ ചെറിയ സന്തോഷമാണ് ഇത്. ഇത് മതി മറന്ന് ആഘോഷിക്കാനില്ല.

അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇന്നലെ ഉച്ചക്ക് 12.23ന് ഡല്‍ഹിയില്‍ നിന്നും മിനിസ്റ്ററിയില്‍ നിന്നാണെന്ന് പറഞ്ഞ് അവാര്‍ഡിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. എങ്കിലും അത് പ്രഖ്യാപനം വരാത്തതിനാല്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും റാബിയ കൂട്ടിച്ചേര്‍ത്തു.

സാക്ഷരതാ പ്രവര്‍ത്തന രംഗത്ത് ശ്രീദ്ധേയയായ കെ.വി. റാബിയ ദുരിതക്കിടക്കയിലും കരുത്തോടെ നില്‍ക്കുന്നു. 1990ല്‍ സാക്ഷരതാ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട റാബിയ തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവത്കരണശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടത്തിപ്പോന്നു.

14-ാം വയസുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്ന റാബിയ, പിന്നീട് പോളീയോ ബാധിച്ചപ്പോഴും മാനസികമായി അവര്‍ കരുത്തോടെ നിലകൊണ്ടു. 1994ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി ഒരു സംഘടനക്ക് രൂപം നല്‍കി. നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നല്‍കി അവരെ ആദരിച്ചു. 1990ല്‍ സാക്ഷരതാ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധേയമായത്. 1993ല്‍ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വനിതാരത്‌നം അവാര്‍ഡ്, യു.എന്‍. ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ് തുടങ്ങിയവ അംഗീകാരങ്ങളില്‍ ചിലതു മാത്രമാണ്. ചലനം സാക്ഷരതാ വികസന സംഘത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നിവയിലും റാബിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. റാബിയയുടെ ആത്മകഥയായ ‘സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ഗ്രന്ഥം വായനക്കാര്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ്. വീല്‍ചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച റാബിയ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യ സേവനപ്രവര്‍ത്തന രംഗങ്ങളിലും സജീവമായിരുന്നു.

Test User: