സംഘ്പരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ സ്ഥാപകയായ സാധ്വി ഋതംബരക്ക് പത്മഭൂഷണ്‍. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര. 2020ല്‍ സിബിഐ ഇവരെ കുറ്റവിമുക്തയാക്കി.
വിദ്വേഷ പ്രസ്താനവകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നേതാവ് കൂടിയാണ് സാധ്വി ഋതംബര. ഹിന്ദു സമൂഹത്തിന്റെ മതപരമായ കേന്ദ്രങ്ങളില്‍ ഹിന്ദുക്കളെ മാത്രമേ കച്ചവടം നടത്താന്‍ അനുവദിക്കാവൂ എന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഋതംബര ആവശ്യപ്പെട്ടിരുന്നു. സനാതന ധര്‍മം പിന്തുടരാത്തവര്‍ വില്‍ക്കുന്ന ഭക്ഷണം വിശ്വസിച്ച് കഴിക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞിരിന്നു.
എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാഷ്ട്രത്തിന് സമര്‍പ്പിക്കണമെന്നും സാധ്വി ഋതംബര ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യ അതിവേഗം ഹിന്ദു രാഷ്ട്രമാകും. മാത്രമല്ല രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണം. എന്നാല്‍ ജനസംഖ്യ സന്തുലിതമാകുമെന്നും 2022ല്‍ സാധ്വി ഋതംബര പറഞ്ഞിരുന്നു.