നെല്‍വയല്‍ നികത്തല്‍ രണ്ടു കേസുകളില്‍ മലപ്പുറം കലക്ടറുടെ നടപടി ശരിവെച്ച് കൃഷിവകുപ്പിന്റെ ഉത്തരവ്. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര വില്ലേജില്‍ ബ്ലോക്ക് ഒന്നില്‍ റീ സര്‍വേ 257/2 ല്‍ 0.5800 ഹെക്ടര്‍ നിലം അനധികൃതമായി തരം മാറ്റിയതാണ് ഒന്നാമത്തെ കേസ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ് 13 പ്രകാരം പൂര്‍വസ്ഥിതിയിലാക്കുന്നതിന് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഭൂവുടമ സുബ്രഹ്മണ്യൻ റിവിഷൻ ഹരജി സമര്‍പ്പിച്ചിരുന്നു. അത് തള്ളിയാണ് കൃഷി വകുപ്പിന്റെ ഉത്തരവ്.
ചേലേമ്പ്ര കൃഷി ഓഫീസറും വില്ലേജ് ഓഫിസറും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് നടപടി. കണ്ടായിപ്പാടം എന്ന സ്ഥലത്ത് ഏതാണ്ട് 4.04 ആര്‍ സ്ഥലം അനധികൃതമായി ചുറ്റുമതില്‍ കെട്ടി തരം മാറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതായിനാല്‍ 2019ല്‍ സുബ്രഹ്മണ്യന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
കലക്ടര്‍ക്കും, കൊണ്ടോട്ടി തഹസില്‍ദാര്‍ക്കും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ ഭൂമി ഇടിമുഴിക്കല്‍ കൊളക്കാട്ട്ചാലി റോഡില്‍ കണ്ടായിപ്പാടം എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന നിലമാണ്. ഈ റിപ്പോര്‍ട്ടുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള നിലം അനധികൃതമായി പരിവര്‍ത്തനം നടത്തിയതായി ബോധ്യപ്പെട്ടു. പാരിസ്ഥിതിക വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ബോധ്യപ്പെട്ടതിനാല്‍ കലക്ടറുടെ ഉത്തരവ് ശരിവച്ചു.
പൊന്നാനി താലൂക്കിലെ കാലടി വില്ലേജിലെ രേഖകളില്‍ നിലം എന്ന രേഖപ്പെടുത്തിയ 19 സെന്റ് അനധികൃതമായി തരം മാറ്റിയതാണ് രണ്ടാമത്തെ കേസ്. ഭൂവുടമയായ ദേവദാസാണ് സര്‍ക്കാരില്‍ റിവിഷൻ ഹരജി നല്‍കിയത്. വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥലം അനധികൃതമായി തരം മാറ്റിയതാണ്. ഇതിന്റെ വടക്ക് തരിശുനെല്‍പാടവും തെക്ക് നെല്‍വയലും കിഴക്ക് നാഷണല്‍ ഹൈവേയും പടിഞ്ഞാറ് പറമ്ബുമാണ്. നിലവില്‍ ഈ ഭൂമി ഡാറ്റാബാങ്കില്‍ നിലവുമാണ്.