പടയോട്ടങ്ങള്‍ ഒട്ടേറെ കണ്ട കോഴിക്കോട് അറബിക്കടലോരത്ത് കോരിച്ചൊരിയുന്ന തുലാമഴയിലും ആവേശം ചോരാതെ ജനസാഗരം തീര്‍ത്ത് കുഞ്ഞാലി മരക്കാരുടെ പിന്‍മുറക്കാരുടെ പടയൊരുക്കം. സാമൂതിരിയുടെ പെരുമ നിറഞ്ഞ സത്യത്തിന്റെ തുറമുഖത്ത് ജനാധിപത്യ പോരാട്ടത്തിന്റെ കാഹളം മുഴക്കി ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യു.ഡി.എഫ് ഉത്തരമേഖലാ മഹാ സമ്മേളനം ജനാധിപത്യ കേരളത്തിന്റെ പടപ്പുറപ്പാടായി.
മഹാസംഗമത്തില്‍ കാസര്‍കോഡ് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകരും അനുഭാവികളും വര്‍ധിത വീര്യത്തോടെ അണിചേര്‍ന്നു.
ചെന്നിത്തലക്ക് പുറമെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി എന്നിവര്‍ തുറന്ന വാഹനത്തില്‍ ജാഥയെ നയിച്ചു. നാലരയോടെ ക്രിസ്ത്യന്‍ കോളജ് പരിസരത്തു നിന്ന് ആരംഭിച്ച റാലി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് കടപ്പുറത്തേക്ക് നീങ്ങിയത്. നോട്ടു നിരോധനത്തിന്റെ കെടുതിയില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന പ്രമേയം കയ്യടിയോടെയാണ് സമ്മേളനം എതിരേറ്റത്.മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.