മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ എന്ന വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഗ്രഹാംസ് ലാന്‍ഡ് എസ്‌റ്റേറ്റിലാണ് പുലര്‍ച്ചെ നാലോടെ പടയപ്പ എത്തിയത്. ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു. ബീന്‍സും പയറും മറ്റു പച്ചക്കറികളും തിന്നു. മറ്റ് ആക്രമണമൊന്നും നടത്തിയില്ല. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് പിന്‍വാങ്ങിയത്.
ആന ബീന്‍സ് പറിച്ച് കഴിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നാട്ടുകാര്‍ ഏറെ പണിപ്പെട്ട്, ശബ്ദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ആന ഉണ്ടാക്കിയിട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറിലെ കുണ്ടള എസ്‌റ്റേറ്റില്‍ പടയപ്പയിറങ്ങിയിരുന്നു. എസ്‌റ്റേറ്റിലിറങ്ങിയ പടയപ്പയെ നാട്ടുകാര്‍ പ്രകോപിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ക്കുനേരെ കാട്ടാന തിരിഞ്ഞു. ശബ്ദം ഉണ്ടാക്കിയും കല്ലെറിഞ്ഞുമാണ് പടയപ്പയെ പ്രകോപിപ്പിച്ചത്. കാട്ടാനയെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.