X

തകര്‍ച്ചയുടെ പാക് വഴി- എഡിറ്റോറിയല്‍

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ജോലിയിലാണ് പാകിസ്താനിലെ ഭരണകൂടം. ഭരണകാര്യങ്ങളെല്ലാം മറന്ന് ഇമ്രാന്‍ ഖാന്‍ എന്ന രാഷ്ട്രീയക്കാരനെ കൂട്ടിലടക്കാനുള്ള വ്യഗ്രതയിലാണ് അവര്‍. പക്ഷെ, ഇതൊരു സാധാരണ എലിയല്ല. പാകിസ്താനിലെ രാഷ്ട്രീയക്കോട്ടകള്‍ തുരന്നുകൊണ്ടിരിക്കുന്ന ഖാനെ രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാമ്പും കീരിയുമായി കഴിഞ്ഞിരുന്ന നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്്‌ലിം ലീഗും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി)യും ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത് തന്നെ അദ്ദേഹത്തെ പേടിച്ചിട്ടാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന മിനിമം അഡ്ജസ്റ്റ്‌മെന്റിലൂടെയാണ് അവര്‍ മുന്നോട്ടുപോകുന്നത്. 1996ല്‍ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) രൂപീകരിച്ച് എലിയെപ്പോലെ കടന്നുവന്ന ഇമ്രാന്‍ഖാന്‍ പുലിയെപ്പോലെ വളര്‍ന്ന് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് മുസ്്‌ലിം ലീഗും പി.പി.പിയും മാത്രമല്ല, പാകിസ്താന്റെ രാഷ്ട്രീയ കളത്തില്‍ ഇടയ്ക്ക് ഇറങ്ങിക്കളിച്ച് ശീലമുള്ള സൈന്യവും ജുഡീഷ്യറിയും പ്രതീക്ഷിച്ചതല്ല. ഈ പുലിയെ കെണിവെച്ച് പിടിക്കാന്‍ ഭരണകൂടവും സൈന്യവും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളാണിപ്പോള്‍ പാകിസ്താനെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലും കൂട് തുറന്ന് പുറത്തുവരുന്ന ഇമ്രാന്‍ഖാനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയ മേലാളന്‍മാര്‍.

2022 ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയെങ്കിലും തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് കാടിളക്കി ഓടി നടക്കുന്ന അദ്ദേഹത്തെ വെറുതെവിട്ടാല്‍ പാക് രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് തങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്ന് പലരും ഭയക്കുന്നുണ്ട്. അടുത്തൊരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഇമ്രാന്‍ ഖാന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ഒരുപോലെ അറിയാം. തിരഞ്ഞെടുപ്പിന് മുമ്പ് ഇമ്രാന്‍ ഖാനെ പിടിച്ചുകെട്ടി ഭീഷണി ഒഴിവാക്കാനുള്ള കോലാഹലങ്ങളാണ് രാജ്യത്തിപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. വല മുറുക്കുന്നിന്റെ ഭാഗമായി പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം അദ്ദേഹത്തിനെതിരെ ചെറുതും വലുതുമായി നൂറിലേറെ കേസുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അറസ്റ്റ് നീക്കങ്ങള്‍ പലതും നടന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ ഫലം കണ്ടില്ല. ഏറ്റവുമൊടുവില്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍ പാക് റേഞ്ചര്‍മാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചുകൊണ്ടുപോയെങ്കിലും സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തെ വിട്ടയച്ചു. കോടതി വളപ്പില്‍നിന്ന് അറസ്റ്റ് വാറന്റ് പോലുമില്ലാതെ ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പാക് ജുഡീഷ്യറി ഇമ്രാന്‍ ഖാന്റെ കൂടെയാണെന്ന്് ഭരണകൂടവും സൈന്യവും ഒരുപോലെ സംശയിക്കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ അയോഗ്യത കല്‍പ്പിച്ച് പുറത്തുനിര്‍ത്താനാണ് ഭരണകൂടം തന്ത്രങ്ങള്‍ മെനയുന്നത്. അതിന് ഏതെങ്കിലും കേസില്‍ കുടുക്കി കോടതിയെക്കൊണ്ട് ശിക്ഷ വാങ്ങിക്കൊടുക്കണം. പക്ഷെ, ജുഡീഷ്യറിയുടെ സ്വന്തക്കാരനെ അത്ര എളുപ്പം തൊടാനാവില്ലെന്നതാണ് സത്യം.

രാഷ്ട്രീയ ശത്രുവിനെ രക്തരഹിത ഓപ്പറേഷനിലൂടെ കീഴ്‌പ്പെടുത്താനായില്ലെങ്കില്‍ രക്തമൊഴുക്കി ലക്ഷ്യം നേടാന്‍ ശ്രമിച്ച പാരമ്പര്യം പാകിസ്താനുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും മകള്‍ ബേനസീര്‍ ഭൂട്ടോയുമൊക്കെ അതിന്റെ ഇരകള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ വസീറാബാദിലെ ഒരു രാഷ്ട്ര റാലിയില്‍ സംസാരിക്കവെ വെടിയേറ്റത് ഇമ്രാന്‍ ഖാനുള്ള അപായ സൂചന മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന അറസ്റ്റിനുശേഷം അദ്ദേഹത്തെ കസ്റ്റഡിയില്‍ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നുണ്ട്. പാക് ആഭ്യന്തര മന്ത്രി റാണ സനാഉല്ല കടുംകൈകളെക്കുറിച്ച് പലവട്ടം സൂചിപ്പിച്ചുകഴിഞ്ഞു. ഇമ്രാന്‍ ഖാനെ ഉന്മൂലനം ചെയ്യേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹം അടുത്തിടെ പി.ടി.ഐയെ നിരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ കൂട്ടിലൊതുങ്ങുന്നില്ലെങ്കില്‍ പി.ടി.ഐയെ നിരോധിച്ചെങ്കിലും ഭീഷണി ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഭരണകൂടം നടത്തുന്നത്. രാഷ്ട്രീയ അധികാരവടം വലിയിലും കുതികാല്‍ വെട്ടിലും പരാജയപ്പെടുന്നത് പാകിസ്താന്‍ എന്ന രാജ്യമാണ്. രാഷ്ട്രീയ ബലപരീക്ഷങ്ങള്‍ക്കിടയില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയും ജനങ്ങള്‍ പട്ടിണി കിടക്കേണ്ടിയും വരുന്നു. കോവിഡ് മഹാമാരിക്കുശേഷം തകര്‍ന്നുകൊണ്ടിരിക്കുന്ന പാക് സമ്പദ്ഘടനയെ രക്ഷിക്കാന്‍ ശക്തമായ ഭരണകൂടം അധികാരത്തില്‍ വരേണ്ടതുണ്ട്. പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരമൊരു സാധ്യത സമീപ കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

 

webdesk11: