X
    Categories: NewsSports

പേസ് ഹീറോ ബുംറ നയിക്കും, എജ്ബാസ്റ്റണ്‍ ടെസ്റ്റ് ഇന്ന് മുതല്‍

എജ്ബാസ്റ്റണ്‍: രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിലും സ്ഥിരം നായകന്‍ രോഹിത് ശര്‍മ രോഗ മുക്തനല്ലെന്ന് വ്യക്തമായതോടെയാണ് ഏക ടെസ്റ്റിനുളള സംഘത്തെ നയിക്കാന്‍ ബുംറക്ക് അവസരമൊരുങ്ങിയിരിക്കുന്നത്. കപില്‍ദേവിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ നയിക്കാന്‍ അവസരം ലഭിക്കുന്ന ഫാസ്റ്റ് ബൗളര്‍ എന്ന ഖ്യാതി കൈവരുന്ന ബുംറക്ക് പക്ഷേ മൈതാനത്ത് കാര്യങ്ങള്‍ എളുപ്പമാവില്ല.

മറുഭാഗത്ത് ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് കരുത്തരാണ്. ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ വമ്പന്‍ വിജയം നേടി പരമ്പര തൂത്തുവാരിയവര്‍. സ്വന്തം വേദിയില്‍ കളിക്കുന്നവര്‍ ബാറ്റിംഗിലും ബൗളിംഗിലും ശക്തരാണ്. മുന്‍ നായകന്‍ ജോ റൂട്ട് മികവിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ബെന്‍ സ്‌റ്റോക്‌സ് ഉള്‍പ്പെടെയുളളവരും ഇന്ത്യന്‍ ബൗളിംഗിനെ നേരിട്ട് പരിചയമുള്ളവര്‍. പരമ്പരയില്‍ ഇന്ത്യക്കാഡ് ലീഡ്. പക്ഷേ ഈ മല്‍സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പരയില്‍ ഒപ്പമെത്താം.

1987ന് ശേഷം

എജ്ബാസ്റ്റണ്‍: 1987 ലായിരുന്നു അത്. ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച വര്‍ഷത്തില്‍ ടീമിന്റെ നായകന്‍ കപില്‍ദേവ് നിഖഞ്ജ്. മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരം നവംബറിലായിരുന്നു. ആ പരമ്പരക്ക് ശേഷം കപില്‍ നായകസ്ഥാനം ഒഴിഞ്ഞു. പിന്നെ ടീമിനെ നയിച്ചവരെല്ലാം ബാറ്റര്‍മാരായിരുന്നു. കൃഷ്ണമാചാരി ശ്രീകാന്തും മുഹമ്മദ് അസ്ഹറുദ്ദീനും സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ് ധോണിയും രാഹുല്‍ ദ്രാവിഡുമെല്ലാം ബാറ്റര്‍മാരായിരുന്നു. ഇടക്കൊന്ന് അനിംല്‍ കുംബ്ലെക്ക് അവസരം കിട്ടി. അദ്ദേഹം സ്പിന്നറായിരുന്നു. ഇപ്പോള്‍ ആദ്യമായി കപില്‍ദേവിന് പകരം പേസര്‍ നായകനായി ബുംറ വരുന്നു.

മോര്‍ഗന് പകരം ബട്‌ലര്‍

കഴിഞ്ഞ ദിവസം രാജി നല്‍കിയ ഇംഗ്ലീഷ് ഏകദിന, ടി-20 ടീമിന്റെ നായകന്‍ ഇയാന്‍ മോര്‍ഗന് പകരം ആ ചുമതല ജോസ് ബട്‌ലര്‍ക്ക്. ഇന്ത്യക്കെതിരായ ഏകദിന, ടി-20 പരമ്പരയില്‍ ഇംഗ്ലണ്ട് കളിക്കുക ബട്‌ലര്‍ക്ക് കീഴിലാവും.

രോഹിതിന് പകരം മായങ്ക്

രോഹിത് ശര്‍മക്ക് പകരം ഇന്ത്യന്‍ സംഘത്തിലെ രണ്ടാം ഓപ്പണറായി മായങ്ക് അഗര്‍വാള്‍ കളിക്കും. അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്നലെ കോച്ച്് രാഹുല്‍ ദ്രാവിഡ് ഇത് സംബന്ധിച്ച് സൂചന നല്‍കി. ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് വരുമ്പോള്‍ മൂന്നാം നമ്പറില്‍ പതിവ് പോലെ ചേതേശ്വര്‍ പുജാര. വിരാത് കോലി അടുത്ത നമ്പറില്‍ കളിക്കും. അഞ്ചാം നമ്പറില്‍ ശ്രേയാംസ് അയ്യര്‍ക്കാണ് സാധ്യതയെങ്കില്‍ ആറില്‍ വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്തും ഏഴില്‍ ഓള്‍റൗണ്ടര്‍ രവീന്ദു ജഡേജക്കുമായിരിക്കും അവസരമെന്നാണ് സൂചന. ബൗളര്‍മാരില്‍ നായകന്‍ ബുംറക്കൊപ്പം മുഹമ്മദ് ഷമി പുതിയ പന്ത് പങ്കിടും. മൂന്നാം സീമര്‍ മുഹമ്മദ് സിറാജാവാനാണ് സാധ്യത. വേഗതയാണ് സിറാജിന്റെ കരുത്ത്. അശ്വിനുമാവുമ്പോള്‍ ലൈനപ്പ് പൂര്‍ണം. മല്‍സരം വൈകീട്ട് 3-30 മുതല്‍. സോണി ചാനലുകളില്‍.

Chandrika Web: