കോഴിക്കോട് കക്കാടംപൊയിലില്‍ പി. വി. അന്‍വര്‍ എം.എല്‍.എ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്. പ്രകൃതിദത്തമായ നീര്‍ച്ചാലുകള്‍ക്ക് കുറുകെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി, കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമുണ്ടാക്കി. കാലവര്‍ഷത്തില്‍ ഇത് ദുരന്തത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്. ഒരു മാസത്തിനകം നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി പൂര്‍വ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥര്‍ ചെയ്തില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച തടയണകള്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പൊളിച്ച് നീക്കലിന്റെ മറവില്‍ അരുവി തന്നെ നികത്തിയെന്ന് കാണിച്ച് ഗ്രീന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ടി.വി. രാജനാണ് ഹൈക്കോടതിയിലെത്തിയത്. കളക്ടര്‍ ബന്ധപ്പെട്ട കക്ഷികളുമായി ചേര്‍ന്ന് തെളിവെടുപ്പ് നടത്തി നടപടിയെടുക്കാനായിരുന്നു കോടതി നിര്‍ദേശം.
രണ്ട് തവണ തെളിവെടുപ്പ് നടത്തിയെങ്കിലും റിസോര്‍ട്ട് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. അനുമതിയില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തികളെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് 2023ലെ കേരള ജലസേചന നിയമ പ്രകാരമാണ് പൊളിച്ച് നീക്കാനുള്ള ഉത്തരവ്.