പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ പുകഞ്ഞ് സി.പി.എം. ദീര്‍ഘകാലം പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്ന ശശിക്ക് ഉയര്‍ന്ന പദവി നല്‍കിയതിനെതിരെയാണ് ഒരു വിഭാഗം നേതാക്കള്‍ അതൃപ്തിയറിച്ചിരിക്കുന്നത്.
പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിക്കുന്നതിനെതിരെ പി. ജയരാജന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ശശിക്ക് നിയമനം നല്‍കുന്നത് എന്തിന്റെ പേരിലാണെന്നതു വിശദീകരിക്കണമെന്നും സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനസമിതി യോഗത്തില്‍ പി. ജയരാജന്‍ തുറന്നടിച്ചതായാണ് പുറത്തുവന്ന വിവരം.
വിഷയം ചര്‍ച്ചയായതോടെ പി. ജയരാജന്‍ ഇത് നിഷേധിച്ചു. തുടര്‍ന്നും മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ വിശദീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തന്നെ രംഗത്തെത്തി. പി.ശശിയുടെ നിയമനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ഇ.പി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് പറയാന്‍ കഴിയില്ല. തീരുമാനം ഏകകണ്ഠം. താനും തീരുമാനത്തിന്റെ ഭാഗമാണ്. ശശി ഭരണപരിചയമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വളരെ ഉയര്‍ന്ന പദവിയാണ്. നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സ്ഥാനമാണ്. പി. ശശിയെ പോലെ സദാചാര വിഷയത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ കുറ്റവിമുക്തനായി തിരിച്ചെത്തിയെങ്കിലും ഇത്രയും ഉയര്‍ന്ന പദവി നല്‍കേണ്ടതുണ്ടോ എന്നതിലാണ് പി. ജയരാജന്‍ അടക്കം ചില നേതാക്കള്‍ക്ക് എതിര്‍പ്പുള്ളത്.
ദേശാഭിമാനി പത്രാധിപരായി കോടിയേരിക്ക് പകരം പുത്തലത്ത് ദിനേശനെയും സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിരുന്നു. തോമസ് ഐസക്കാണ് ചിന്തയുടെ പുതിയ പത്രാധിപര്‍. സി.പി നാരായണന് പകരമാണ് തോമസ് ഐസക് ചിന്തയുടെ തലപ്പത്തെത്തുന്നത്. ഇ.പി ജയരാജനെ ഇടതുമുന്നണി കണ്‍വീനറാക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനും സി.പി.എം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.