X

കേരള രാഷ്ട്രീയത്തിലെ ഏറനാടന്‍ ധീരത

പി. സീതിഹാജിയുടെ വേര്‍പാടിന് ഇന്ന് കാല്‍ നൂറ്റാണ്ട്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പൊതുപ്രവര്‍ത്തകര്‍ സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ചാല്‍ അവരെന്നും ജനമനസ്സിലുണ്ടാകും എന്നതിന് തെളിവാണ് പി. സീതിഹാജി. ഏറനാടിന്റെ വീര്യവും ഭീഷണികളെ വകവെക്കാത്ത ചങ്കൂറ്റവുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മുസ്‌ലിംലീഗ് നേതാവ് സീതിഹാജി വിടപറഞ്ഞിട്ട് ഇന്ന് കാല്‍നൂറ്റാണ്ട് തികയുമ്പോഴും അടുത്തിടെ കണ്ടു പിരിഞ്ഞതെന്ന പോലെ ആ ഓര്‍മകള്‍ മുന്നില്‍ തെളിയുകയാണ്. സീതിഹാജിയുടെ കാലശേഷം വര്‍ഷങ്ങള്‍ പിന്നിട്ട് ജനിച്ച തലമുറയില്‍ പോലും അദ്ദേഹം സുപരിചിതനാകുന്നുവെന്നത് തന്നെ ഒരു രാഷ്ട്രീയ നേതാവിന് മരണാനന്തരം ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി.

 
ഒന്നര പതിറ്റാണ്ടോളം നിയമസഭാംഗമായും കാല്‍നൂറ്റാണ്ടോളം സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗത്ത് നേതൃനിരയിലെണ്ണപ്പെട്ട വ്യക്തിത്വമായും നിറഞ്ഞുനിന്ന സീതിഹാജിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ഏറനാട്ടിലെ ആ കാലഘട്ടത്തിലെ ബഹുഭൂരിഭാഗം ജനങ്ങളെയും പോലെ കഷ്ടപ്പാട് നിറഞ്ഞ ഒരു ബാല്യത്തില്‍ നിന്ന് ജീവിതമാരംഭിച്ച സീതിഹാജി പക്ഷേ, കഠിനപ്രയത്‌നത്തിലൂടെ ഉയരങ്ങള്‍ കീഴടക്കി. സ്‌കൂള്‍ പ്രായം മുതല്‍ മുസ്‌ലിംലീഗിന്റെ ആശയങ്ങള്‍ ആവേശമായി കൊണ്ടുനടന്ന അദ്ദേഹം പില്‍ക്കാലത്ത് സംഘടനയുടെ ഉന്നത നേതൃത്വത്തിലേക്കുയര്‍ന്നു. ഔപചാരിക വിദ്യാഭ്യാസം ആവശ്യത്തിനു ലഭിക്കാതിരുന്നിട്ടും ഏത് ബുദ്ധിജീവി സദസ്സിലും പ്രായോഗികബുദ്ധി കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

 

നിയമത്തിന്റെയും സാങ്കേതിക പ്രശ്‌നങ്ങളുടെയും ന്യായങ്ങള്‍ പറഞ്ഞ്, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ നിയമത്തിന്റെ മറുപുറം വ്യാഖ്യാനിച്ചു നല്‍കി സാധുക്കളുടെ ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തു. അന്യായമായി ഏതെങ്കിലുമൊരാളെ കയ്യേറ്റം ചെയ്യാന്‍ എതിരാളികളോ അവരുടെ സ്വാധീനത്തില്‍ പൊലീസോ ശ്രമിച്ചാല്‍ പോലും സീതിഹാജി രക്ഷക്കെത്തും. കേരള രാഷ്ട്രീയത്തിലെ ഏറനാടന്‍ ധീരത എന്ന വിശേഷണം സീതിഹാജിയുടെ വാക്കിലും പ്രവൃത്തിയിലും നിലപാടിലും പ്രകടമായിരുന്നു. ന്യൂനപക്ഷ പിന്നാക്ക സമുദായവും മുസ്‌ലിംലീഗും പ്രതിസന്ധി നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം ആരോഗ്യവും സമ്പത്തും ചെലവഴിച്ച് സീതിഹാജി മുന്നില്‍ നിന്നു.

 

സംഘര്‍ഷ ഭൂമികളില്‍ നിര്‍ഭയം കടന്നുചെന്ന അദ്ദേഹം ജനങ്ങളില്‍ സമാധാനവും ആത്മവിശ്വാസവും പകര്‍ന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അക്രമികളെ ഭയന്നു നാടു വിട്ടുപോകാന്‍ നിരപരാധികള്‍ പോലും നിര്‍ബന്ധിതമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ അവിടെ ആദ്യമെത്തുക സീതിഹാജിയായിരിക്കും. ഏത് ഉന്നതന്റെ മുഖത്തു നോക്കിയും അദ്ദേഹം കാര്യം പറയും. സീതിഹാജി ഒപ്പമുള്ളതുകൊണ്ട് പേടിക്കാനില്ല എന്ന തോന്നല്‍ ജനങ്ങള്‍ക്കും അപ്പുറത്ത് സീതിഹാജിയുള്ളതു കൊണ്ട് അതിരുവിട്ട് വല്ലതും ചെയ്താല്‍ പ്രശ്‌നമാകുമെന്ന ഭയം അക്രമികള്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമുണ്ടാകും. ആ ധീരതയാണ് സീതിഹാജിയെ സാധാരണക്കാരുടെ ഇഷ്ടതോഴനാക്കിയത്.

 

സംസ്ഥാനത്ത് മുസ്‌ലിംലീഗിനെ കരുത്തുറ്റ ബഹുജന പ്രസ്ഥാനമാക്കുന്നതില്‍ സീതിഹാജി വഹിച്ച ത്യാഗവും പ്രയത്‌നവും തുല്യതയില്ലാത്തതാണ്. മഹാനായ സി.എച്ച് മുഹമ്മദ് കോയാ സാഹിബിനെ ഏത് ദുര്‍ഘട പാതയിലും സദാ അനുഗമിച്ച് പ്രതിസന്ധികളില്‍ സംഘടനക്കും സമുദായത്തിനും അദ്ദേഹം തന്റെ ജീവിതം കൊണ്ട് ഊര്‍ജ്ജം നല്‍കി. മമ്പാട് എം.ഇ.എസ് കോളജ്, കൊണ്ടോട്ടി ഇ.എം.ഇ കോളജ് തുടങ്ങി ഏറനാട്ടിലെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനും കരുത്ത് പകരാനും സീതിഹാജി നല്‍കിയ നേതൃത്വവും പിന്തുണയും ചരിത്ര രേഖയാണ്. തനിക്കു കിട്ടാത്ത വിദ്യാഭ്യാസവും സൗകര്യങ്ങളും തന്റെ സമുദായത്തിലെ ഏത് പാവപ്പെട്ടവനും ലഭ്യമാക്കണമെന്ന് വാശിയോടെ കരുതി പ്രവര്‍ത്തിച്ചു.

 

അതില്‍ വിജയം വരിച്ചതിന്റെ ആത്മസംതൃപ്തി രോഗാവസ്ഥയിലും അദ്ദേഹം പ്രകടമാക്കി.
കേരളത്തിന്റെ നിയമനിര്‍മാണ സഭയില്‍ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെയും പിന്നാക്ക പ്രദേശങ്ങളുടെയും അഭിവൃദ്ധിക്കു വേണ്ടി ഒരു പടയാളിയെ പോലെ അദ്ദേഹം പൊരുതി. ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കാന്‍ മുതിരുന്നവരോട് ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അറുത്തുമുറിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഭരണത്തിലാകുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും സീതിഹാജി സമുദായത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കും വരെ പടവെട്ടി.
1980ല്‍ അറബി ഭാഷാ വിരുദ്ധ നിയമനിര്‍മാണ വേളയില്‍ മുസ്‌ലിംലീഗ് പ്രതിപക്ഷത്താണ്.

 

മലപ്പുറത്ത് മൂന്ന് യുവാക്കള്‍ -മജീദ്,റഹ്മാന്‍, കുഞ്ഞിപ്പ- എന്നിവര്‍ വെടിയേറ്റ് രക്തസാക്ഷികളായതടക്കമുള്ള സംഘര്‍ഷ ഭരിതമായ ഘട്ടങ്ങളില്‍, നാദാപുരം സംഭവം, ശരീഅത്ത് വിവാദഘട്ടം തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം സഭക്കകത്തും പുറത്തും സീതിഹാജി നടത്തിയ അവകാശ പോരാട്ടങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. വര്‍ഗീയ കലാപങ്ങള്‍ക്കു വിത്തിടാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിലും മതമൈത്രി ഊട്ടിയുറപ്പിക്കുന്നതിനും സീതിഹാജി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സംഘടനാ പ്രവര്‍ത്തനത്തിനും ജനനന്മക്കുമായി യഥേഷ്ടം ചെലവിട്ടു. പാവപ്പെട്ടവരുടെ സങ്കടം പരിഹരിക്കാന്‍ എവിടെയും ഏത് പാതി രാത്രിയിലും ഓടിച്ചെല്ലുന്ന യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകനായിരുന്നു സീതിഹാജി.
‘ചന്ദ്രിക’യുടെ വളര്‍ച്ചക്കായി അഹോരാത്രം പ്രവര്‍ത്തിച്ചു അദ്ദേഹം. ഏത് സദസ്സിലും ചന്ദ്രികയെ കുറിച്ചു പറയാതെ അദ്ദേഹം പ്രസംഗമവസാനിപ്പിക്കില്ല. ഡയരക്ടര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ ചന്ദ്രികയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. രോഗം കഠിനമായ അവസ്ഥയില്‍ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴും മുസ്‌ലിംലീഗും ചന്ദ്രികയുമായിരുന്നു അദ്ദേഹത്തിന്റെ സംസാര വിഷയം. അച്ചടി രംഗത്ത് ശ്രദ്ധേയമായ വഴിത്തിരിവായി ചന്ദ്രികക്ക് ഓഫ്‌സെറ്റ് പ്രസ് സ്ഥാപിക്കുന്നത്, മാനേജിങ് ഡയരക്ടറായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പി. സീതിഹാജിയുടെ മുന്‍കൈയില്‍ ആണ്, വിപുലമായ നവീകരണ പദ്ധതികള്‍ക്ക് ചന്ദ്രിക തുടക്കമിടുന്ന ഈ സന്ദര്‍ഭത്തില്‍ ‘ചന്ദ്രിക’യെ ജീവനുതുല്യം സ്‌നേഹിച്ച സീതിഹാജിയുടെ ഓര്‍മകള്‍ വലിയ പിന്‍ബലമായി അനുഭവപ്പെടുന്നു.
ഞങ്ങളുടെ വന്ദ്യപിതാവ് പൂക്കോയ തങ്ങളുമായും സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും സീതിഹാജിക്കുണ്ടായിരുന്നത് അളവറ്റ സ്‌നേഹത്തില്‍ കോര്‍ത്ത ആത്മബന്ധമായിരുന്നു. നാല് പതിറ്റാണ്ടു മുമ്പ് ബാപ്പ മരണപ്പെട്ട ദിവസം ഒഴുകിയെത്തിയ ജനക്കൂട്ടത്തെ രണ്ടു കൈകളും നിവര്‍ത്തിപ്പിടിച്ചു നിയന്ത്രിക്കുന്ന സീതിഹാജിയുടെ രൂപം ഓര്‍മയിലുണ്ട്.ആ വേദനയുടെ നാളുകളിലും തുടര്‍ന്നും സീതിഹാജി കൊടപ്പനക്കല്‍ വരാത്ത ദിവസമില്ല. കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരു മുതിര്‍ന്ന സഹോദരന്റെ താങ്ങും പിന്‍ബലവുമായി അദ്ദേഹമുണ്ടായിരുന്നു. മരണം വരെയും ആ സ്‌നേഹം ഒരു പോറലുമില്ലാതെ തുടര്‍ന്നു.

 

മലപ്പുറം, ഏറനാട്ടിലെ എടവണ്ണയില്‍ ജനിച്ച്‌കേരളത്തിനകത്തും പുറത്തും കീര്‍ത്തി നേടിയാണ് 1991 ഡിസംബര്‍ 5ന് സീതിഹാജി വിടപറഞ്ഞത്. 1977 മുതല്‍ 91 വരെ കൊണ്ടോട്ടിയിലും തുടര്‍ന്ന് താനൂരിലും എം.എല്‍.എ ആയി. ഗവ. ചീഫ് വിപ്പും മുസ്‌ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയുമായി. കേരളത്തിന്റെ പൊതുജീവിതത്തില്‍ ഭരണ-പ്രതിപക്ഷ, ഉദ്യോഗസ്ഥ വ്യത്യാസമില്ലാതെ സമ്പന്നനും സാധാരണക്കാരനും ഭേദമില്ലാതെ എല്ലാവരുടെയും സുഹൃത്തായി നിന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച എതിരാളിയെ പുറത്തു കാണുമ്പോള്‍ തോളില്‍ കയ്യിട്ടു നടക്കുന്ന സൗഹൃദമായിരുന്നു സീതിഹാജിയുടെ മാതൃക.
മുസ്‌ലിം സമുദായത്തിന്റെ അഭിമാനവും അന്തസ്സും നിലനിര്‍ത്തുന്നതിന് ഉശിരോടെ പ്രവര്‍ത്തിച്ച ആ ജനനേതാവിന് സര്‍വശക്തന്‍ മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ.

 

chandrika: