പണ്ഡിത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ഒരു നാടിന്റെ മത രാഷ്ട്രീയസാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ പക്വമായി നേതൃത്വം നല്‍കിയ പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച പി ശാദുലി സാഹിബ്. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിത നായിരുന്ന എ.സി കലന്തന്‍ മുസ്ലിയാരുടെ മകനായി 1950 ജൂണ്‍ നാലിന് നാദാപുരത്ത് ജനിച്ച ശാദുലി സാഹിബ് ജീവിതത്തില്‍ ആദര്‍ശ വിശുദ്ധിയും മത ചിട്ടയും കൊണ്ടു നടന്ന ജനകീയനായ നേതാവായിരുന്നു. എം.എ ബിരുദം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം നാദാപുരം ഗവ: യു.പി സ്‌കൂള്‍, പുറമേരി ഹൈസ്‌കൂള്‍, മടപ്പളളി ഗവ: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. പിതാവിന്റെ കൂടെ നാദാപുരം ദര്‍സിലും പഠനം നടത്തി. നാദാപുരം ടി.ഐ.എം ഗവ: ഹൈസ്‌കൂള്‍, എം. വൈ.എം യതീംഖാന, എം.ഇ.റ്റി കോളജ്, എന്‍.ഐ മദ്രസ കുമ്മങ്കോട്, എസ്.എസ് മദസ ഈസ്റ്റ് കുമ്മങ്കോട്, ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ കക്കംവെളളി എന്നിവയുടെ സ്ഥാപക ഭാരവാഹിയായിരുന്നു. കക്കംവെളളി ഐ.എസ്.സിയുടെ ചെയര്‍മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, സ്വതന്ത്രകര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഈയിടെ പുസ്തക രചനയിലും അദ്ദേഹം സമയം ചെലവഴിക്കുകയുണ്ടായി.ആത്മാവിന്റെ ഉള്ളറകളിലൂടെ ഒരു ആത്മീയസഞ്ചാരം, അണയാത്ത ദീപങ്ങള്‍, ഇരുലോകവിജയം ഉള്ളറിവിലൂടെ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ചിലതാണ്. ചന്ദ്രിക പ്രസിദ്ധീകരണങ്ങളിലും സ്വതന്ത്ര കര്‍ഷകനിലും വ്യത്യസ്ത ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976 മുതല്‍ 78 വരെ സംസ്ഥാന എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു, 1979 മുതല്‍ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം, 1980ല്‍ കേരള ഗ്രന്ഥശാലാസംഘം ഡയറക്ടര്‍, 1989 മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട്, 1993 മുതല്‍97 വരെ കേരള സ്‌റ്റേറ്റ് വേര്‍ഹൗസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍, 2000മുതല്‍ 2005 വരെ ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, ഈകാലയളവില്‍ തന്നെ കേരള സ്‌റ്റേറ്റ് പിന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍, 2011 മുതല്‍ 2014 വരെ സില്‍ക്ക് ഡയറക്ടര്‍ എന്നീസ്ഥാനങ്ങള്‍ വഹിക്കുകയുണ്ടായി. ഭാര്യ സഫിയാ ശാദുലി 1995 ല്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ നാടിന്നും പാര്‍ട്ടിക്കും സമുദായത്തിനും അന്തസുള്ള നിലപാട് എടുക്കുന്നതിനും സമാധാനത്തിന്റെ സൂത്രവാക്യം രചിക്കുന്നതിനും ശാദുലി സാഹിബിന് അസാമാന്യ പാടവം ഉണ്ടായിരുന്നു. നാദാപുരത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി എച്ച് അടക്കമുള്ള നേതാക്കളുമായുള്ള ബന്ധം ഉപയോഗ പ്പെടുത്തി ശാദുലി സാഹിബ് നടത്തിയ പ്രവര്‍ത്തനം ചരിത്ര താളുകളില്‍ രേഖപ്പെടുത്താവുന്നതാണ് . അനാരോഗ്യം പോലും വക വെക്കാതെ പാര്‍ട്ടി പരിപാടികളില്‍ ഇപ്പോഴും സജീവ സാന്നിധ്യമായിരുന്ന ശാദുലി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാദാപുരം ലീഗ് ഹൗസില്‍ നടന്ന മണ്ഡലം ലീഗ് സമ്മേളന സ്വാഗത സംഘം രൂപീകരണ സംഗമത്തില്‍ ഉജ്വല പ്രസംഗമാണ് നടത്തിയത്. മരണ വിവരമറിഞ ഉടന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീര്‍ വീട്ടിലെത്തി ജനാസയില്‍ ഹരിത പതാക പുതപ്പിച്ചു. ഇന്ന് രാവിലെ 11 ന് നാദാപുരം ജുമാ മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മുനവ്വറലി ശിഹാബ് തങ്ങള്‍, കെ മുരളീധരന്‍ എം പി, ബിനോയ് വിശ്വം എം പി, രമേശ് ചെന്നിത്തല, ഇ കെ വിജയന്‍ എം എല്‍ എ, കെ കെ രമ എം എല്‍ എ, കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ, പി കെ കെ ബാവ തുടങ്ങിയവര്‍ അനുശോചിച്ചു. നാദാപുരം പഞ്ചായത്തില്‍ ഇന്ന് ഉച്ചക്ക് 12 വരെ ഹര്‍ത്താല്‍ ആചരിക്കും.