X

പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പി സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പാലക്കാട്ടെ യുഡിഎഫ്‌
സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും നല്ല സുഹൃത്താണ്. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും താന്‍ ആളല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ഏ കെ ആന്റണി ഭൂരിപക്ഷം വര്‍ധിച്ച് വിജയിക്കും എന്നു പറയുന്നതിന് അപ്പുറം ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നു വിചാരിക്കുന്നില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയസാധ്യതയുള്ള സീറ്റില്‍ ധാരാളം പേര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മോഹിച്ചെത്തുമെന്ന് എ കെ ആന്റണി പറഞ്ഞു. യോഗ്യതയുള്ളവരും ആഗ്രഹമുള്ളവരും നിരവധിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കും. ഇപ്പോള്‍ ആരെങ്കിലും പരിഭവം പറഞ്ഞാലും, തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ എല്ലാവരും രാഹുലിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ആന്റണി പറഞ്ഞു.

അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണ്. ഈ വോട്ടെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയും. പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയായത് വയനാട്ടിനെ പിടിച്ചുയര്‍ത്താന്‍ വളരെ സാധിക്കും. വയനാട്ടില്‍ പ്രിയങ്കയ്ക്ക് അനുകൂലമായ തരംഗമുണ്ടാകും. ഇത്തവണ ചേലക്കരയും പാലക്കാടും അടക്കം കേരളത്തില്‍ ഹാട്രിക് വിജയം ഉണ്ടാകും. ചേലക്കര യുഡിഎഫിന്റെ ഉരുക്കുകോട്ടയായി മാറാന്‍ പോകുകയാണെന്നും എ കെ ആന്റണി പറഞ്ഞു.

webdesk14: