X

പി.പി. ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ ഉടന്‍ കീഴടങ്ങിയേക്കും

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതോടെ ദിവ്യ ഉടന്‍ കീഴടങ്ങിയേക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും  പി പി ദിവ്യ കീഴടങ്ങുക.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടര്‍ന്ന് പി.പി. ദിവ്യ ഒളിവിലാണ്.

അതേസമയം, രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ പി.പി ദിവ്യ ചികിത്സ തേടിയെന്നും വിവരമുണ്ട്.

ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു. കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് അഭിഭാഷകനായ കെ. വിശ്വന്‍ പറഞ്ഞു.

 

 

webdesk17: