കാസര്‍കോഡ്: പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്ത് വന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കാഞ്ഞങ്ങാട് ശാഖ എം എസ് എഫ് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ്, ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കെ എസ് ടി യു കാസറഗോഡ് ജില്ലാ പ്രസിഡണ്ട്, എസ് ടി യു മോട്ടോര്‍ തൊഴിലാളി സ്ഥാപക പ്രസിഡണ്ട്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എന്നീ പനവികളും വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കേരള ഫിഷര്‍മാന്‍ കോര്‍പറേഷന്‍ ഡയരക്ടര്‍, കെ എസ് ആര്‍ ടി സി ഉപദേശക സമിതി മെമ്പര്‍, ഒയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍, റെയില്‍വേ യൂസേര്‍സ് ഫോറം മെമ്പര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1982ല്‍ ഉദുമ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
പഴയകാല മുസ്ലിം ലീഗ് നേതാവ് പി കെ യൂസഫിന്റെയും, അതിഞ്ഞാല്‍ കല്യായില്‍ ആയിസുവിന്റെ യും മകനായി 1950ല്‍ ജനിച്ച മുഹമ്മദ് കുഞ്ഞി, അതിഞ്ഞാല്‍ അജാനൂര്‍ ഗവ: മാപ്പിള എല്‍ പി സ്‌കൂള്‍, മാണിക്കോത്ത് ഗവ. യു പി സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌കൂള്‍, പടന്നക്കാട് ശ്രീ നാരായണ ടീച്ചേര്‍സ് ട്രെയിനിംഗ് സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി 1970 ല്‍ ചിത്താരി എ യു പി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ കാഞ്ഞങ്ങാട് ലേഖകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ‘വൈസ് പ്രസിഡണ്ടായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി, പത്ര പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മലബാറിലെ മുസ്ലിം ലീഗ് വേദികളിലെ മുഖ്യ പ്രസംഗകനാണ്. സി എച്ച് മുഹമ്മദ് കോയ പുരസ്‌കാര ജേതാവാണ്. ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി എം ബനാത്ത് വാല, തുടങ്ങിയ ലീഗ് നേതാക്കളുടെ ദ്വിഭാഷി കൂടിയായിരുന്നു. നിലവില്‍ കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് യതീംഖാന നിര്‍വ്വാഹക സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ ആമിന, മക്കള്‍ ഖാലിദ്, ഖമറുന്നിസ, സുമയ്യ.