കൊച്ചി: നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയിയുടെ മരണത്തില്‍ കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിചാരണക്കാലയളവില്‍ കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കൃഷ്ണദാസിന് നേരത്തെ അനുവദിച്ച ഇടക്കാല ജാമ്യം അന്തിമമാക്കി കോടതി ഉത്തരവിട്ടു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്.
കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്തുന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ല. സംഭവ ദിവസം കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവദിവസം കൃഷ്ണദാസ് ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് കഴിയാതെ വന്നുവെന്നും കോടതി നിരീക്ഷിച്ചു. കോളേജില്‍ കടക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.
അതേസമയം, കേസില്‍ അട്ടിമറിയുണ്ടായെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. കേസിന്റെ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ചു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു.