തൃശൂര്‍: ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അറസ്റ്റിലായി. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് നടപടി. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് അറസ്റ്റ്. ഇയാള്‍ക്കൊപ്പം പി.ആര്‍.ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, ലീഗല്‍ അഡൈ്വസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായി. ഇവരെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും.
നെഹ്‌റു കോളേജിലെ ജിഷ്ണു പ്രയോയി മരിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു കൃഷ്ണദാസ്. വിദ്യാര്‍ത്ഥിയെ കൃഷ്ണദാസ് മര്‍ദ്ദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനേയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ജിഷ്ണു കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ അടുത്തയാഴ്ച്ചയാണ് നിരാഹാരം ആരംഭിക്കുന്നത്.