X
    Categories: CultureMoreNewsViews

കെ.ടി ജലീലിന് ഫിറോസിന്റെ മറുപടി: പിണറായിയോ കോടിയേരിയോ സംവാദത്തിന് വന്നാലും തയ്യാര്‍

തിരുവനന്തപുരം: ഹൈദരലി തങ്ങളെ സംവാദത്തിന് ക്ഷണിച്ച കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ മറുപടി. ഭീരുവായി ഒളിച്ചോടാതെ മന്ത്രി സംവാദത്തിനു തയ്യാറാകണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാറാണെന്ന് ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്്. വിവാദത്തെ തുടര്‍ന്ന് ഇന്നലെ ബന്ധു അദീബ് രാജിവച്ചിരുന്നു. അദീബ് പറഞ്ഞ ആത്മാഭിമാനം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ ജലീല്‍ രാജി വെക്കണം. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. ജലീല്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും ഫിറോസ് വ്യക്തമാക്കി.

ഷെഡ്യൂള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ അദീബിനെ നിയമിച്ചതില്‍ തെറ്റില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി പദവി വഹിക്കുന്നില്ല എന്ന് നേരത്തെ സുപ്രീംകോടതി പരാമര്‍ശമുണ്ട്. സാഗര്‍ തോമസ് vs ഫെഡറല്‍ ബാങ്ക് കേസില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ നിന്ന് അദീബ് രാജിവെച്ചത് കൊണ്ടുമാത്രമായില്ല. ശമ്പളം കൈപ്പറ്റിയതിന് ശേഷമാണ് അദീബിന്റെ രാജി. ഒരുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ 56000 രൂപ ശമ്പളമായി അദീബ് കൈപ്പറ്റിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: