മീഡിയന്‍
”കണ്ണൂരിന്‍ പൊന്‍താരകമല്ലോ.. നമ്മുടെ പി.ജയരാജന്‍ ധീരസഖാവ്.. ”
എന്നാണ് പാര്‍ട്ടിക്കാരായ ഭക്തര്‍ പാടിപ്പുകഴ്ത്തിയത്. അങ്ങനെയൊരാള്‍ക്ക് 35 ലക്ഷം ഉരുവയുടെ കാര്‍ വാങ്ങുക എന്ന് വെച്ചാല്‍ അതിലെന്താണിത്ര പുകില് എന്നാണ് പാര്‍ട്ടിക്കാര്‍ ചോദിക്കുന്നത്. എല്ലാ പാര്‍ട്ടിക്കാരുമില്ല, സഖാവിന്റെ കട്ട അനുയായികള്‍ മാത്രം. സി.പി.എം അണികളാരും എവിടെയും ഈ തീരുമാനത്തെ അനുകൂലിച്ചതായി അറിവില്ല.
ഏതായാലും സഖാവിന് ഇനി ബുള്ളറ്റ് പ്രൂഫ് കാറിന്റെ കുറവ് മാത്രമേ ഉള്ളൂ. അത്രയ്ക്കുണ്ട് ജീവന് ഭീഷണി. കേസ് ഒന്നും രണ്ടുമല്ല, എണ്ണിയാല്‍ തീരില്ല. കൊലക്കേസ് മുതല്‍ വഴിതടയല്‍വരെ. പണ്ടൊരു പാവം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വഴിതടഞ്ഞതിനാണ് പാടത്തിട്ട് വെട്ടിയരിയാന്‍ ഓഡര്‍ കൊടുത്തത്. കതിരൂര്‍ മനോജ് വധക്കേസിലും സി.ബി.ഐ പ്രതിയാക്കി. കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് വന്നതോടെ അതാ കിടക്കുന്നു ആംബുലന്‍സില്‍. പിന്നെ നെഞ്ചുവേദന, വയറുവേദന, തലവേദന ..അങ്ങനെയെന്തൊക്കെ.
ഏതായാലും താന്‍ 35 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പി സഖാവിപ്പോ പറയുന്നത്. 35 ലക്ഷം വരെയാകാമെന്ന് മാത്രമാണ ്പറഞ്ഞത്. ഈ ഖാദിബോര്‍ഡിന്റെ വൈസ്ടചെയര്‍മാനൊക്കെയാണെന്ന് വെച്ചാ എന്താ കരുതിയത്. പിടിപ്പത് ഓട്ടമല്ലേ. നാട് മുഴുവനും ആളുകള്‍ ഖാദിയുടുക്കുന്നതുകൊണ്ട് ഖാദിത്തുണി ഉല്‍പാദിപ്പിച്ചത് തികയുന്നില്ല. അത് വില്‍ക്കാനാണെങ്കില്‍ കാറും ലോറിയുമൊക്കെ വേണ്ടേ? അതിനാണ ്ബുള്ളറ്റ് പ്രൂഫ്. പണ്ട് സാക്ഷാല്‍ മഹാത്മാഗാന്ധിയാണ് ഖാദി പ്രചരിപ്പിച്ചതും നൂല്‍നൂറ്റതുമൊക്കെ. ഇന്നത് ഏറ്റെടുത്തിരിക്കുന്നത് പാവം മാര്‍ക്സിസ്റ്റ് സഖാവാണെന്ന് മാത്രം. ഖാദി നൂറ്റിട്ടും ഗാന്ധിജിക്ക് രക്ഷയുണ്ടായില്ല.ഗോഡ്സേയുടെ രൂപത്തിലല്ലേ എന്നിട്ടും ഘാതകനെത്തിയത്. അതുപോലെയാണ് ഈ പാവം കണ്ണൂര്‍ ഗാന്ധിയന് നേരെയും ആര്‍.എസ്.എസ്സുകാരുടെ ഭീഷണി. ഏതുനിമിഷവും തട്ടിപ്പോകാം. ഒരിക്കല്‍ അവര്‍ വന്നതിന്റെ ഫലമാണീ കൈ. അതുപോലെ ഇനിയും വരാം. ചൂരല്‍കസേര എന്നും തടയാന്‍ ഉണ്ടാവില്ലല്ലോ. അതിനാണ് പകരം 35 ലക്ഷംചെലവാക്കുന്നത്.
ഇനിയിപ്പോ സര്‍ക്കാര്‍ ചെലവ് ചുരുക്കലിലാണെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുകയൊന്നും വേണ്ട. ചെലവ് എങ്ങനെ ചുരുക്കാമെന്നും കൂട്ടാമെന്നുമൊക്കെ ഞങ്ങക്കറിയാ. അതിനാണ് ജനം വോട്ടുതന്ന് വിട്ടിരിക്കുന്നത്. ഹെന്ത്? പിണറായിക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് ഈ സഖാവിനായിക്കൂടാ. കണ്ണൂരിന്‍ പൊന്‍താരകം ഇതാ അടുത്ത നിമിഷത്തില്‍ ബുള്ളറ്റ് പ്രൂഫ് കാറുമായി ഇതാ ഈ വഴിത്താരയിലൂടെ കടന്നുവരുന്നൂ. അനുഗ്രഹിപ്പിന്‍, ആശീര്‍വദിപ്പിന്‍ നാട്ടുകാരേ… !