X

ജയരാജന്റെ പേരിലുള്ളത് 10 ക്രിമിനല്‍ കേസുകള്‍ രണ്ടെണ്ണം സി.ബി.ഐ പരിഗണനയില്‍

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പേരിലുള്ളത് 10 കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതക കേസുമായി ബന്ധപ്പെട്ടുള്ളതും ഒരു കേസില്‍ വിധി വന്നതുമാണ്. കതിരൂര്‍ മനോജ്, പ്രമോദ് വധക്കേസും അരിയില്‍ ശുക്കൂര്‍ വധക്കേസുമാണ് സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. കതിരൂര്‍ കേസില്‍ കതിരൂര്‍ പൊലിസ് സ്‌റ്റേഷനില്‍ നിലവിലുണ്ടായിരുന്ന കേസ് സി.ബി.ഐക്ക് കൈമാറിയതോടെ യു.എ.പി.എ ചുമത്തെപ്പെട്ടിട്ടുമുണ്ട്. കണ്ണപുരം പൊലിസ് സ്‌റ്റേഷനില്‍ നിന്നും സി.ബി.ഐക്ക് വിട്ട അരിയില്‍ ശുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കേസ് നിലവിലുള്ളത്. 1997 ല്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷവും അഞ്ച് മാസവും തടവും പിഴയും ചുമത്തിയിരുന്നു. ഇന്നലെ ജില്ലാ കലക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് ഈ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.
അന്യായമായി സംഘം ചേര്‍ന്നതിനും പൊതു മുതല്‍ നശിപ്പിച്ചതിനുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യണല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയ കേസും, മയ്യില്‍ പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യണല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയ കേസുമുണ്ട്.
തളിപ്പറമ്പില്‍ സി.പി.എം പ്രവര്‍ത്തകരെ സംഘം ചേര്‍ക്കുകയും പൊതുനിരത്തില്‍ വാഹനം തടയുകയും ചെയ്ത കേസില്‍ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയ കേസ്, കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യണല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയ കേസ്, എറണാകുളം നോര്‍ത്ത് പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയ കേസ് എന്നിവയാണ് നിലവിലുള്ളത്. സ്ഥാനാര്‍ഥിയായി മത്സര രംഗത്തിറങ്ങുമ്പോഴും 2000 രൂപ മാത്രമാണ് ജയരാജന്റെ കൈവശമുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

web desk 1: