X
    Categories: keralaNews

അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ മാറ്റമില്ല: പി.ജയരാജന്‍

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധത്തിന് തെളിവില്ലെന്ന് പറഞ്ഞ് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിട്ടും പഴയ നിലപാട് ആവര്‍ത്തിച്ച് പി.ജയരാജന്‍. ഇരുവരും മാവോവാദികളാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജാമ്യം ലഭിച്ചുവെന്നത് കൊണ്ട് മറ്റ് വിഷയങ്ങള്‍ ഇല്ലാതാവുന്നില്ല. വിദ്യാര്‍ഥികളായ അലനും താഹയും മാവോവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും അവരുടെ പേരില്‍ യുഎപിഎ അനുസരിച്ച് കേസെടുത്തു എന്നതും വസ്തുതയാണെന്നും പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഡിവൈഎഫ്‌ഐ നേതൃത്വവും അലനെയും താഹയേയും തുടക്കത്തില്‍ പിന്തുണച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും പി.ജയരാജനുമാണ് ഇരുവരും മാവോയിസ്റ്റുകളാണെന്ന നിലപാട് സ്വീകരിച്ചത്. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴല്ല ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.

മാവോയിസ്റ്റുകള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന ആരോപണവും ജയരാജന്‍ ആവര്‍ത്തിച്ചു. അലനും താഹയും സിപിഎം പാര്‍ട്ടി മെമ്പറായിരുന്നതുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. മാവോവാദികളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലിസ് റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്എഫ്‌ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും പി ജയരാജന്‍ പോസ്റ്റില്‍ പറയുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: