X

പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും എസ്.എസ്.എല്‍.സി ഫലവും

പി. ഹരിഗോവിന്ദന്‍

‘പഠനം പാല്‍പ്പായസം’ എന്ന പൊലെ മനോഹരമായ പ്രഖ്യാപനമാണ്. ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.’ കേരളത്തിന്റെ വളര്‍ച്ചക്ക് നിദാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല തന്നെയാണ്. പൊതുവിദ്യാലയങ്ങള്‍ നാടിന്റെ-നാട്ടാരുടെ സ്വത്താണ്. ആയത് സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്തത് ആരാണ് എന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. അന്ധമായ രാഷ്ട്രീയ വിരോധത്തിനായി പ്രീപ്രൈമറി വിദ്യാലയങ്ങള്‍ വരെ സ്തംഭിപ്പിച്ച് സമരത്തിന് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ പ്രേമികളെ നമുക്ക് ഓര്‍മ്മയുണ്ടാകണം. തങ്ങളുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി വിദ്യാഭ്യാസ മേഖലയെ സമരങ്ങളുടെ പരമ്പരകളിലേക്ക് തള്ളിവിട്ട കാലഘട്ടം. കേരളത്തിന്റെ പൊതുവിദ്യാലയങ്ങളില്‍ സൈ്വരമായി പഠിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയ നാളുകള്‍. തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി പഠനം നടത്താനുള്ള ആലയങ്ങള്‍ തേടിയാല്‍ രക്ഷിതാക്കളെ കുറ്റം പറയാനാവില്ല. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വിദ്യാര്‍ത്ഥി സമരങ്ങളാല്‍ വിദ്യാലയം വിട്ട് വീട്ടില്‍ തനിച്ചെത്തി. ജോലി കഴിഞ്ഞു വന്ന മാതാപിതാക്കളെ കാത്ത് ഒറ്റക്കിരിക്കുന്ന അവസ്ഥ വിശിഷ്യാ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഭീതിയുണ്ടാകുന്നത് തന്നെയായിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതുമായ നിരവധി വിദ്യാലയങ്ങള്‍ കൂണ് പോലെ കേരളത്തില്‍ മുളച്ചുപൊന്തിയത്, ഇവക്കൊക്കെത്തന്നെ അംഗീകാരം നല്‍കാന്‍ കേരളം ഭരിച്ച ഇടതു-വലതു സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായി 41 വിദ്യാലയങ്ങള്‍ അണ്‍ എയ്ഡഡ് മേഖലയില്‍ അനുവദിച്ച മുന്‍ സര്‍ക്കാറിനെ എതിര്‍ക്കാന്‍ അക്കാലത്ത് ഒരു ഇടതു സംഘടനയും മുന്നോട്ടു വന്നു കണ്ടിട്ടില്ല. മറിച്ച് ഭരിക്കുന്ന സര്‍ക്കാറിന്റെ നിറം നോക്കാതെ പ്രതികരിച്ച അധ്യാപക പ്രസ്ഥാനം കെ.പി.എസ്.ടി.എയും വിദ്യാര്‍ത്ഥി പ്രസ്ഥാനം കെ.എസ്.യുവുമാണ് എന്നത് പൊതുസമൂഹം ഓര്‍ക്കും എന്നതില്‍ സംശയമില്ല.
പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ ആയിരക്കണക്കിന് അധ്യാപക തസ്തികകളുടെ അംഗീകാരമാണ് അധ്യാപക പാക്കേജ് വഴി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തിലേറി 100 ദിനം തികക്കുന്നതിനു മുമ്പു തന്നെ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രം എസ്.എസ്.എ വഴി ലഭിച്ചിരുന്ന സൗജന്യ യൂണിഫോം വിതരണം സംസ്ഥാന സര്‍ക്കാര്‍ 80 കോടിയോളം രൂപ ചെലവഴിച്ച് പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും (എയ്ഡഡ് വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിതരണം ചെയ്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പൊതുവിദ്യാലയങ്ങളോടുള്ള താല്‍പര്യമാണ് കാണിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്ന ടേര്‍മിനല്‍ പരീക്ഷകള്‍ (ഓണം, ക്രിസ്തുമസ് പരീക്ഷകള്‍) പുന:സ്ഥാപിച്ചുകൊണ്ടാണ് പി.കെ അബ്ദുറബ്ബ് എന്ന വിദ്യാഭ്യാസ മന്ത്രി അക്കാദമീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയത് എന്നത് വിസ്മരിക്കാനാകില്ല.
വിവാദങ്ങളുടെ വിളനിലമായിരുന്ന പാഠ്യപദ്ധതിയും പാഠപുസ്തകവും പരിഷ്‌ക്കരിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു മുതല്‍ പ്ലസ് ടു വരെയുള്ള മുഴുവന്‍ പാഠപുസ്തകം ഘട്ടംഘട്ടമായി വിവാദങ്ങള്‍ക്ക് വഴിവെക്കാതെ പരിഷ്‌ക്കരിച്ചു. ഏകപക്ഷീയമായല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്ന് പാഠപുസ്തക നിര്‍മാണത്തിലും മറ്റും പങ്കെടുത്ത അധ്യാപകരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാകും. പാഠപുസ്തക അച്ചടിയില്‍ ശ്രദ്ധിച്ചുകൊണ്ട് 2013-14 അധ്യയന വര്‍ഷം മാര്‍ച്ച് മാസത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ളത് വിദ്യാലയത്തില്‍ എത്തിച്ചു. പാഠപുസ്തകം വിദ്യാര്‍ത്ഥികളെ കാത്തിരുന്ന അവസ്ഥയാണ് അക്കാലത്തുണ്ടായത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടുത്ത അധ്യയന വര്‍ഷത്തില്‍ അട്ടിമറിയുണ്ടാക്കി എന്നതൊഴിച്ചാല്‍ പാഠപുസ്തക വിതരണം യു.ഡി.എഫ് സര്‍ക്കാര്‍ കാര്യക്ഷമമാക്കിയില്ല എന്ന് പറയാന്‍ കഴിയില്ല.
ഇടതുഭരണത്തിലെ അധ്യാപകരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അനോമലി പരിഷ്‌കരിച്ചുകൊണ്ട് അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പള വര്‍ധനവ് വിഷു കൈനീട്ടമായി നല്‍കിയത് മറക്കാന്‍ കഴിയുമോ. തുടര്‍ന്ന് ഒരു സമരം പോലും നടത്താതെ പത്താം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചതും മികച്ച ശമ്പളം ലഭിച്ചതും സംതൃപ്തമായ അധ്യാപക സമൂഹത്തിന് വേണ്ടിയായിരുന്നു. ഈ കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസങ്ങളിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രവേശന കണക്ക് പരിശോധിച്ചാല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ താല്‍പര്യം കാണിച്ചുതുടങ്ങിയത് കാണാന്‍ കഴിയും. പ്രൈമറി ക്ലാസുകളിലെ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയതും പ്രവേശനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയാണ് അധ്യാപകര്‍ക്ക് ഉണ്ടായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന ശമ്പളം പോലും തടയുന്ന അവസ്ഥയുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ക്ക് പ്രക്ഷോഭത്തിലേക്ക് തുടക്കത്തില്‍ തന്നെ നീങ്ങേണ്ടി വന്നു. ജൂണ്‍, ജൂലൈ മാസത്തെ ശമ്പളം പോലും ഇനിയും ലഭിച്ചിട്ടില്ല എന്നത് ഈ സര്‍ക്കാറിന്റെ അധ്യാപക നിലപാടിന്റെ സാക്ഷിപത്രമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലും കക്ഷിരാഷ്ട്രീയം ചെലുത്താനാണ് ശ്രമിച്ചത്. ‘വിദ്യാഭ്യാസം’-ചങ്ങലകള്‍ പൊട്ടിച്ചെറിയാനാണ് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് ചങ്ങല പിടിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ‘മനുഷ്യചങ്ങല’ വക്താക്കളുടെ സങ്കുചിത ചിന്താഗതിയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗം കേട്ടാല്‍ ഇത്ര മനോഹരമായ ഭാഷണം വേറെ എവിടെ എന്നു തോന്നും. പ്രസംഗം മാത്രമേ നടക്കുന്നുള്ളു. പ്രവൃത്തി നേരെ വിപരീതമാണ്. വിദ്യാഭ്യാസ വകുപ്പ് ആരാണ് ഭരിക്കുന്നത് എന്ന് മനസ്സിലാകാത്ത സ്ഥിതിയാണ് പലപ്പോഴും അനുഭവപ്പെടുന്നത്. പൊതുവിദ്യാഭ്യാസ ഡയരക്ടറും മന്ത്രിയും പറയുന്നു സംരക്ഷണയജ്ഞം ചര്‍ച്ച ചെയ്യാന്‍ തന്റെ വിദ്യാലയത്തില്‍ ഇരുന്ന് സാധ്യതകള്‍, പരിമിതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കണമെന്ന്.
എന്നാല്‍ വകുപ്പിനെ നോക്കുകുത്തിയായി സമാന്തര ഏജന്‍സികള്‍ വേറെ പലതും നടത്തുന്നു. എസ്.എസ്.എ, ആര്‍.എം.എസ്.എ, എസ്.സി.ഇ.ആര്‍.റ്റി എന്നിവയെല്ലാം പുറത്ത് പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്. അവിടെ എന്താണ് നടക്കുന്നതെന്ന് വകുപ്പ് അധികൃതര്‍ക്കറിയില്ല. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യാതൊരു പരിശീലനവും വേണ്ട എന്നാണ് ഗുണനിലവാരം ഉറപ്പാക്കാനുള്ള സമിതി എന്ന് വിശേഷിപ്പിക്കാവുന്ന ഡി.പി.ഐ അധ്യക്ഷനായ ക്യു.ഐ.പി കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് തുടങ്ങിയ പരീക്ഷാമാസങ്ങളില്‍ 18 ലധികം അധ്യയന ദിവസങ്ങളാണ് എസ്.എസ്.എയുടെ വിവിധ പരിപാടികള്‍ക്കായി നീക്കിവെച്ചത്. അതില്‍ പലതിനെക്കുറിച്ചും എ.ഇ.ഒ, ഡി.ഇ.ഒ, ഡി.പി.ഐ എന്നിവര്‍ക്കറിയുമോ എന്നന്വേഷിച്ചപ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയിലുള്ള ഏജന്‍സികള്‍ വകുപ്പിനെ ഹൈജാക്ക് ചെയ്യുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. എസ്.എസ്.എയുടെ നേതൃത്വത്തില്‍ നടന്നുവെന്നു പറയുന്ന വീ കാന്‍, അമ്മ അറിയാന്‍, ഇംഗ്ലീഷ് ഫെസ്റ്റ്, ഒരുക്കം, വളകിലുക്കം, ചരിത്ര പഠനയാത്ര, പ്രകൃതി പാചകം, മിച്ച ബഡ്ജറ്റ്, കൗണ്‍സിലിംഗ്, ജ്വാല സഹവാസ ക്യാമ്പ്, വിവര സാങ്കേതിക വിദ്യാപരിശീലനം, കോര്‍ണര്‍ പി.ടി.എ, മദ്രസ അധ്യാപക പരിശീലനം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, കരോട്ടേ പരിശീലനം, സംരക്ഷണ യജ്ഞം-പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, മാതൃസംഗമം, മികവുത്സവം സ്‌കൂള്‍തലം, പഞ്ചായത്ത്തലം, മണ്ഡലതലം, ജില്ലാതലം, ജൈവവേലി, ബാലോത്സവം-വിവിധതലം (സംസ്ഥാനതലം ഉള്‍പ്പെടെ) സ്‌കൂള്‍ ഗ്രാന്റ് വിനിയോഗം, ഗണിതമേള (വിവിധ തലത്തില്‍), കുട്ടിക്കൂട്ടം, പെണ്‍വിദ്യാഭ്യാസം, മൈനോറിട്ടി വിദ്യാഭ്യാസം (പ്രവര്‍ത്തനങ്ങള്‍)…. എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ നടത്തുന്നു. എസ്.എസ്.എ, ആര്‍.എം.എസ്.എ എന്നിവ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു പദ്ധതി മാത്രമാണ്. ഇന്ന് പദ്ധതി മേധാവികളാണ് ഏകപക്ഷീയമായി വിദ്യാഭ്യാസ വകുപ്പിലെ പരിപാടികള്‍ തീരുമാനിക്കുന്നത് എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതു കൂടാതെയാണ് ഐ.ടി@സ്‌കൂള്‍, എസ്.സി.ഇ.ആര്‍.ടി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍. ഒന്നിനും ഒരു ഏകോപനവുമില്ല. എല്ലാവരും ഉറഞ്ഞുതുള്ളുകയാണ്. ആരാണ് ഇതിനെ ഏകോപിപ്പിക്കാന്‍ എന്ന് അറിയില്ല.
ഇതിനിടയിലാണ് സാക്ഷര കേരളത്തെ അപമാനിതരാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായത്. കേരളീയ സമൂഹം വളരെ ഗൗരവത്തോടെയാണ് ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയെ കാണുന്നത്. നാലര ലക്ഷം കുട്ടികളാണ് ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. എത്ര എത്ര മുന്നൊരുക്കങ്ങളാണ് കേരളത്തിലെ 3021 ഹൈസ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കായി നടത്തുന്നത്. ഇന്നലെ ഫലം പ്രഖ്യാപിച്ചുവെങ്കിലും ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന പരീക്ഷ തികഞ്ഞ ലാഘവത്തോടെയാണ് ഈ സര്‍ക്കാര്‍ സമീപിച്ചത്. മലയാളം, ഹിന്ദി ചോദ്യ കടലാസുകളില്‍ ഗുരുതരമായ തെറ്റോടുകൂടിയ ചോദ്യങ്ങള്‍. കണക്കു പരീക്ഷ ചോദ്യങ്ങളാണ് ഏറെ പ്രശ്‌നമുണ്ടാക്കിയത്. 50 മാര്‍ക്കിലധികം വരുന്ന ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍-ട്യൂഷന്‍ സെന്ററുകള്‍ നടത്തിയ പരീക്ഷയില്‍ നിന്ന് ഉള്ളവ. അന്വേഷണം നടത്തിയപ്പോള്‍ പുറത്തുവന്നത് ഈ ട്യൂഷന്‍ സെന്ററുമായി ബന്ധമുള്ളവരാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കിയത് എന്നാണ്. എസ്.സി.ഇ നിര്‍ദ്ദേശിക്കുന്നവരുടെ പാനലില്‍ നിന്നാണ് ഓരോ വിഷയത്തിനും പരീക്ഷ ബോര്‍ഡ് രൂപീകരിക്കുന്നത്. ബോര്‍ഡില്‍ ഒരു ചെയര്‍മാനും നാല് അംഗങ്ങളും ആണ് ഉണ്ടാകുക. ഈ അംഗങ്ങള്‍ രഹസ്യമായി ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി സീല്‍ ചെയ്ത് ചെയര്‍മാനെ ഏല്‍പ്പിക്കുകയാണ് പതിവ്. ചെയര്‍മാന്‍ തെരഞ്ഞെടുക്കുന്ന ചോദ്യപേപ്പറാണ് പൊതുപരീക്ഷക്ക് നല്‍കുക. ഇവിടെ ഗണിതത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തത് മലപ്പുറത്തെ ഒരു റിട്ട. എ.ഇ.ഒ ആയ വാസു മാസ്റ്ററെയാണെന്ന് പറയുന്നു. എന്താണ് ചെയര്‍മാനായിരിക്കാന്‍ ഇദ്ദേഹത്തിന് യോഗ്യത? ഭരണാനുകൂല സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്നതോ സംഘടനയുടെ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണത്തില്‍ ഗണിതപംക്തി കൈകാര്യം ചെയ്തിരുന്നു എന്നതോ? എന്താണെന്ന് വ്യക്തമല്ല. പക്ഷേ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ എസ്.സി.ഇ.ആര്‍.ടിയില്‍ സ്ഥിരമായി ഗണിത പുസ്തക നിര്‍മ്മാണം, ഗണിതവുമായി ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കായി നിയോഗിച്ചവരാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതികള്‍ എന്ന് പകല്‍പോലെ വ്യക്തമാണ്. ഇവര്‍ക്ക് ഗൈഡ്‌ലോബി, ട്യൂഷന്‍ സെന്റര്‍ ലോബിയുമായുള്ള ബന്ധങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. മന്ത്രിയുടെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന അധ്യാപക സംഘടനാ നേതാക്കളാണ് ഇവര്‍ എന്നത് തന്നെയാണ് കാരണം. (തുടരും)

chandrika: