ഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2013 ലെ ട്വീറ്റ് ഓര്‍മ്മപ്പെടുത്തിയാണ് ചിദംബരം നേരിട്ട് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സമ്പദ് വ്യവസ്ഥ തകര്‍ന്നു എന്നായിരുന്നു മോദിയുടെ ട്വീറ്റ്. അത് തന്നെയാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത് എന്ന് കുറിച്ചാണ് അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഇപ്പോഴത്തെ ട്വീറ്റ്.
സമ്പദ് വ്യവസ്ഥ തകരാറിലായിരിക്കുന്നു. യുവാക്കള്‍ക്ക് ജോലി ആവശ്യമാണ്. മോശം രാഷ്ട്രീയം കളിക്കാതെ നിങ്ങള്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ ചിദംബരം ജീ എന്നായിരുന്നു 2013 ല്‍ മോദി ട്വീറ്റ് ചെയ്തത്. അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ചിദംബരത്തിന്റെ ട്വീറ്റ്.
ജിഡിപി നിരക്ക് താഴുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും ചിദംബരവുമുള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നു പോയെന്നും അത് തിരിച്ചുപിടിക്കാനുള്ള പ്രര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്നും ചിദംബരം പറഞ്ഞു.