ന്യൂഡല്‍ഹി: ജി.ഡി.പി വര്‍ധന ഉയര്‍ത്തിക്കാട്ടി രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ജി.ഡി.പി 8.2 ശതമാനമായി എന്നത് ഒരു കണക്ക് മാത്രമാണ്. പക്ഷേ രൂപയുടെ മൂല്യം എഴുപതിലേക്ക് കൂപ്പു കുത്തി എന്നതും പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് കുതിക്കുകയാണ് എന്നതും കണക്കല്ല, യാഥാര്‍ത്ഥ്യമാണെന്നും ചിദംബരം പറഞ്ഞു.
പുതിയ ജി.ഡി.പി നിരക്ക് ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാറിനു കീഴില്‍ രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചിദംബരത്തിന്റെ പ്രതികരണം.
”ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുമെല്ലാം ജി.ഡി.പി വളര്‍ച്ചയുടെ പേരില്‍ മോദിയെ പുകഴ്ത്തി ട്വീറ്റിട്ടത് കണ്ടു. ഇന്ത്യ സാമ്പത്തികമായി വളരുന്നു എന്നു പറഞ്ഞാല്‍ രാജ്യത്തെ സാധാരണക്കാരനും അതിന്റെ നേട്ടമുണ്ടാകണം. എന്നാല്‍ ആരുടെ സ്വപ്‌നങ്ങളാണ് ഇപ്പോള്‍ പൂവണിയുന്നതും ആര്‍ക്കാണ് കൂടുതല്‍ സമ്പത്തും അവസരങ്ങളും ലഭിക്കുന്നതും. പുതിയ ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദത്തിനു കീഴില്‍ ചിലര്‍ ഒരു കാലത്തുമില്ലാത്ത രീതിയില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വിഡ്ഢിത്തപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ താന്‍ അഭിനന്ദിക്കുന്നു” – ചിദംബരം പരിഹാസ രൂപേണ പറഞ്ഞു.