X

ജി.എസ്.ടി നിലവിലെ അവസ്ഥയില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ചിദംബരം

കാരൈക്കുടി: രാജ്യത്ത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന ഒറ്റ നികുതിയായ ജി.എസ്.ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. നിലവിലെ രൂപത്തില്‍ ജി.എസ്.ടി സാധാരണക്കാരന്റെ നടുവൊടിക്കുമെന്നും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം രാജ്യത്തെ പണപ്പെരുപ്പം ഇരട്ടിക്കാനും നിലവിലെ അവസ്ഥയില്‍ ജി.എസ്.ടി കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി നിയമത്തിലെ ലാഭേച്ഛയില്ലാത്ത വ്യവസ്ഥകള്‍ ഉദ്യോഗസ്ഥ പീഢനത്തിന് ഒരു ഉപാധിയാവുമെന്നും അദ്ദേഹം പറഞ്ഞു. 80 ശതമാനം ചരക്ക്, സേവനങ്ങള്‍ക്കും നികുതി വരുന്നതോടെ വില വര്‍ധിക്കും. ഇതോടെ വിലവര്‍ധനവ് ഉണ്ടാകും. ഇതിനെതിരെ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ജി.എസ്.ടി നടപ്പിലാക്കുന്നതിനായി കൂടുതല്‍ സമയം ചോദിച്ച ചെറുകിട, ഇടത്തരം വ്യവസായങ്ങളും നിക്ഷേപങ്ങള്‍ക്ക് സമയം അനുവദിക്കാത്തതു വഴി ഗുരുതരമായി ജി.എസ്.ടി ബാധിക്കുമെന്നും ചിദംബരം പറഞ്ഞു. അനുരഞ്ജനമെന്ന പേരില്‍ ഒരു പ്രത്യേക തയാറെടുപ്പാണ് നടത്തിയതെന്നും ഇതിനായുണ്ടാക്കിയ നിയമം ധൃതി പിടിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ നിയമത്തിന്റെ അനന്തര ഫലങ്ങള്‍ കുറച്ചു കാലത്തിനു ശേഷം മാത്രമേ വ്യക്തമാകൂവെന്നും ധനകാര്യ വിദഗ്ധന്‍ കൂടിയായ മുന്‍ മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ ജി.എസ്.ടിയല്ല കോണ്‍ഗ്രസ് വിഭാവനം ചെയ്തതും ധനകാര്യ വിദഗ്ധര്‍ ശിപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ മികച്ച രീതിയില്‍ ജി.എസ്.ടി വിഭാവനം ചെയ്തപ്പോള്‍ അതിനെ കടുത്ത രീതിയില്‍ എതിര്‍ക്കുകയായിരുന്നു ബി.ജെ.പി ചെയ്തത് ഇക്കാര്യങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ലെന്നും 15 ശതമാനം നികുതിയാണ് ജി.എസ്.ടിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. 18 ശമതാനത്തില്‍ കൂടിയ നികുതി പാടില്ലെന്നായിരുന്നു യു.പി.എയുടെ തീരുമാനം. നിലവില്‍ നടപ്പിലാക്കിയത് ജി.എസ്.ടി അല്ലെന്നും യഥാര്‍ത്ഥ ജി.എസ്.ടിയില്‍ നിന്നും ഏറെ അകലെയാണിതെന്നും അദ്ദേഹം പറഞ്ഞു.

chandrika: