ന്യൂഡല്‍ഹി: കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് മുന്‍ധനമന്ത്രി പി. ചിദംബരം. എങ്ങനെയാണ് സര്‍ക്കാര്‍ ഇതു നടപ്പാക്കുന്നതെന്ന് ചിദംബരം ചോദിച്ചു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഏതു വിള ഏതു വ്യാപാരിക്ക് വിറ്റു എന്ന് സര്‍ക്കാര്‍ എങ്ങനെയാണ് അറിയുക? ഇന്ത്യയുടെനീളമുള്ള ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ദശലക്ഷക്കണക്കിന് സ്വകാര്യ വിനിമയങ്ങളാണ് നടക്കുന്നത്. ഈ വിനിമയങ്ങള്‍ക്ക് എല്ലാം എങ്ങനെയാണാ മിനിമം താങ്ങുവില സര്‍ക്കാര്‍ ഉറപ്പു നല്‍കുക? സ്വകാര്യ വിനിമയത്തില്‍ ഏതു നിയമപ്രകാരമാണ് വാങ്ങുന്നയാള്‍ മിനിമം താങ്ങുവില നല്‍കാന്‍ ബാധ്യസ്ഥനായിരിക്കുക?- അദ്ദേഹം ചോദിച്ചു.
കപടവാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തണം. സ്വകാര്യ വിനിമയങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കാമെന്ന് പറയുന്നത് പതിനഞ്ചു ലക്ഷം രൂപ എല്ലാ ഇന്ത്യയ്ക്കാരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കാം എന്നു പറഞ്ഞതു പോലെയാണ്- അദ്ദേഹം പരിഹസിച്ചു.
ഞായറാഴ്ചയാണ് കര്‍ഷക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ശബ്ദവോട്ടോടെ പാസാക്കിയത്. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് അവ പാസാക്കിയിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ബില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.