മുസ്ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വര്‍ഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയില്‍ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോര്‍ജ്ജിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍.പി. സി ജോര്‍ജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതക്കളായ വിടി ബലറാും ഷാഫിപറമ്പിലും പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍
പി. സി ജോര്‍ജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റില്‍ നില്ക്കുവാന്‍ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബല്‍ ഒരു ലൈസന്‍സാക്കി മാറ്റിയിരിക്കുന്നു ജോര്‍ജ്ജ്.
തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.
‘മുസ്ലിംഗളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല’ വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്”
എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.
വിടി ബലറാം
സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി.സി. ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല.
എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയില്‍ അപകടകരമായ വെറുപ്പ് വളര്‍ത്തുന്നവര്‍ക്കു മുന്‍പില്‍ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും.
ഷാഫി പറമ്പില്‍
തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജ്.