X

ലോകകപ്പിന് മുമ്പ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച: മസൂദ് ഓസിലിനോട് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിശദീകരണം തേടി

ബെര്‍ലിന്‍: ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് ജര്‍മന്‍ മിഡ്ഫീല്‍ഡല്‍ മസൂദ് ഓസിലിനോട് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിശദീകരണം തേടി. കൂടിക്കാഴ്ച്ചയെ കുറിച്ച് വിശദീകരിക്കാന്‍ ഓസില്‍ തയ്യാറാവണമെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് റീന്‍ഹാര്‍ഡ് ഗ്രിന്‍ഡല്‍ പറഞ്ഞു.

ഓസിലും സഹതാരം ഇല്‍ക്കെ ഗുണ്ടോകനും ജര്‍മനിയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇരു താരങ്ങളും തുര്‍ക്കി വംശജരാണ്. എന്നാല്‍ കൂടിക്കാഴ്ച്ച യാതൊരു രാഷ്ട്രീയ പ്രധാന്യവുമില്ലെന്ന് ഗുണ്ടോകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ ഓസില്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തിയ ഓസിലിനെ ജര്‍മന്‍ ടീമില്‍ ഉള്‍പ്പെടുത്തരുതായിരുന്നു എന്ന് ജര്‍മന്‍ ടീം മാനേജര്‍ ഒലിവര്‍ ബീര്‍ഹോഫ് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ ഓസില്‍ തയ്യാറാവണം. ജര്‍മന്‍ ആരാധകരും മാനേജ്‌മെന്റും ഓസിലിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ്-ഗ്രിന്‍ഡല്‍ പറഞ്ഞു. ഓസിലിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോച്ചാണെന്നും ഗ്രിന്‍ഡല്‍ വ്യക്തമാക്കി.

അതേസമയം മാനേജര്‍ ഒലിവര്‍ ബീര്‍ഹോഫിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസിലിന്റെ പിതാവ് രംഗത്തെത്തി. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന് ഓസിലിനെ കുറ്റപ്പെടുത്തുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓസില്‍ ജര്‍മന്‍ ടീമിന് വേണ്ടി കളിക്കുന്നുണ്ട്. ലോകകപ്പ് നേടിയതടക്കം നിരവധി നേട്ടങ്ങളില്‍ അവന്‍ പങ്കാളിയായിരുന്നു. ടീം വിജയിക്കുമ്പോള്‍ എല്ലാവരുടേയും വിജയവും പരാജയപ്പെടുമ്പോള്‍ ഓസിലിന്റെ മാത്രം കുറ്റവുമാകുന്നതെങ്ങിനെയാണ്-മുസ്തഫ ചോദിച്ചു.

നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനി റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ഓസിലിനെ കുറിച്ചുള്ള വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: