ഡല്‍ഹി: രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത് ഒരു സംസ്ഥാനത്ത് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാരണത്താല്‍ രാജ്യത്ത് ആകെ ഒരു മരണം മാത്രമാണുണ്ടായതെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
ഈ വര്‍ഷം രണ്ടാം കോവിഡ് തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് മരണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് പ്രത്യേകമായിത്തന്നെ ഈ ചോദ്യം ചോദിച്ചു. എന്നാല്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓക്‌സിജന്‍ ലഭിക്കാത്തതുമൂലമെന്ന് സംശയിക്കുന്ന ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു സംസ്ഥാനത്ത് മാത്രമാണെന്ന് അഗര്‍വാള്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.
ഓക്‌സിജന്റെ ലഭ്യതക്കുറവു മൂലം രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നായിരുന്നു കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. മരണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും സംസ്ഥാനങ്ങള്‍ നല്‍കിയിട്ടില്ലെന്നായിരുന്നു വിശദീകരണം.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ലഭ്യതക്കുറവും ആരോഗ്യ രംഗത്തെ പ്രതിസന്ധിയും വന്‍തോതില്‍ ചര്‍ച്ചയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.
മേയ് മാസത്തില്‍ അഞ്ച് ദിവസത്തിനിടയില്‍ ഗോവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 80ലധികം പേരാണ് മരിച്ചത്.