നെടുമ്പാശ്ശേരി : പശ്ചിമ ബംഗാളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കുന്നതിന് കൊച്ചിയില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ പ്രത്യേക വിമാനത്തില്‍ അയച്ചു. ഇന്നലെ രാത്രി എയര്‍ ഇന്ത്യയുടെ പ്രത്യേക കാര്‍ഗോ വിമാനത്തില്‍ ആണ് മൂന്ന് ടാങ്കറുകള്‍ അയച്ചത്. 9 ടണ്‍ വീതം ഓക്‌സിജന്‍ നിറയ്ക്കാവുന്ന ടാങ്കറുകളാണിവ. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ടാങ്കറുകള്‍ ഓക്‌സിജന്‍ പ്ലാന്റിലെത്തിക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും ഈ വിമാനത്തിലുണ്ട്. ഓക്‌സിജന്‍ നിറച്ച് രണ്ട് ദിവസത്തിനകം ടാങ്കറുകള്‍ പ്രത്യേക വിമാനത്തില്‍ തന്നെ കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍ രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പാലക്കാട് ജില്ലയില്‍ നിന്ന് 37 ഡ്രൈവര്‍മാരും എറണാകുളം ജില്ലയില്‍ നിന്ന് 25 ഡ്രൈവര്‍മാരും അടക്കം 62 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇവരില്‍ എട്ട് പേരാണ് ഇന്നലെ വിമാനത്തില്‍ പോയത്. മൂന്ന് എംവിഐ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ട്. ഇതിനിടെ യുഎഇയില്‍ നിന്ന് ഇന്നലെ 700 കിലോഗ്രാം ഓക്‌സിജന്‍ വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചു. ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ സിലിണ്ടറുകളിലാണ് ഓക്‌സിജന്‍ എത്തിച്ചത്.