X
    Categories: Newsworld

പ്രതീക്ഷ മങ്ങുന്നു; മരുന്ന് കുത്തിവച്ചയാള്‍ക്ക് അജ്ഞാത രോഗം; ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്കയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്.

രോഗം വാക്‌സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് പഠിച്ചശേഷം പരീക്ഷണം തുടരും. ട്രയല്‍ നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും ആസ്ട്ര സെനേക അറിയിച്ചു. ട്രയലുകള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് കമ്പനിയുടെ വാദം. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും അതുകൊണ്ടുതന്നെ പ്രത്യേക ടീം ഇതേക്കുറിച്ച് പഠിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത് അസാധാരണ സംഭവമല്ലെങ്കിലും കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണ്. കോവിഡ് വാക്‌സിനായുള്ള പോരാട്ടത്തില്‍ അവസാന ഘട്ടത്തിലുള്ള ഒമ്പത് കമ്പനികളില്‍ ഒന്നാണ് ആസ്ട്ര സെനേക്ക. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു.

 

chandrika: