ലണ്ടന്‍: വിശ്വപ്രസിദ്ധ സര്‍വ്വകലാശാലയായ ഓക്സ്ഫോഡ് നൊബേല്‍ സമാധാന ജേത്രിയും മ്യാന്‍മര്‍ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലറുമായ ഓങ് സാന്‍ സൂകിയുടെ ചിത്രം എടുത്തുമാറ്റി. ബര്‍മീസ് സൈന്യവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് നടത്തുന്ന റൊഹിങ്ക്യന്‍ കൂട്ടക്കുരുതിയ്ക്ക് സൂകി കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം നിലനില്‍ക്കെ അന്താരാഷ്ട്ര ലോകത്ത് സൂകി കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് ഓക്സ്ഫോഡ് സര്‍വ്വകലാശാലയുടെ നടപടി.
അതേ സമയം സൂകിയുടെ ചിത്രത്തിന് പകരം ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണ് സര്‍വ്വകലാശാല വെച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1991ല്‍ നൊബേല്‍ സമ്മാനം നേടിയ സൂകിയ്ക്ക് നല്‍കിയ ബഹുമതി ബിരുദം തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. എന്നാല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ സൂകിയുടെ ചിത്രം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതാണെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം.
മുസ്ലീങ്ങളില്‍ മിക്കവരും രാജ്യം വിട്ടിട്ടില്ലെന്നും കലാപം അവസാനിച്ചെന്നും സൂകി പറഞ്ഞിരുന്നും ലോകരാജ്യങ്ങളുടെ സൂഷ്മനരീക്ഷണത്തെ താന്‍ ഭയക്കുന്നില്ലെന്നും സൂകി വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തി സംസ്ഥാനമായ രാഖൈനിയില്‍ നടന്ന കലാപത്തില്‍ 400 ഓളം റൊഹിങ്ക്യന്‍ മുസ്ലീമുകളാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണ് വംശഹത്യ ഭയന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തത്.
ഭക്ഷണവും വെള്ളവും മരുന്നുകളുമില്ലാതെ ബംഗ്ലാദേശ് അതില്‍ത്തിയില്‍ മുപ്പതിനായിരത്തോളം റോഹിങ്യന്‍ അഭയാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. നൂറ് കണക്കിന് റോഹിങ്യന്‍സിനെ കൊന്നു തള്ളിയ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരമായ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയവരാണ് ബംഗ്ലാദേശ് ബോര്‍ഡറില്‍ കുടുങ്ങിക്കിടക്കുന്നത്.