മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്‍ മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്‍ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്‍.എ ഇംതിയാസ് ജലീല്‍ അറിയിച്ചു. ബി.ജെ.പി – ശിവസേന സഖ്യത്തില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് – എന്‍.സി.പി. സഖ്യം ശ്രമം നടത്തുന്നതിനിടെയാണ് ഉവൈസിയുടെയും പ്രകാശ് അംബേദ്കറിന്റെയും അപ്രതീക്ഷിത നീക്കം.
ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍ മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുള്ള ദളിത് നേതാവാണ്. പൂനെയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അദ്ദേഹം പ്രഖ്യാപിച്ച ബന്ദിനെ മഹാരാഷ്ട്രയിലെ ദളിത് സംഘടനകള്‍ പിന്തുണച്ചിരുന്നു. ദളിത് വോട്ട്ബാങ്കില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെ അംബേദ്കര്‍ കഴിഞ്ഞ ജൂണില്‍ വഞ്ചിത് ബഹുജന്‍ അഘാഡി എന്ന പേരില്‍ മൂന്നാം മുന്നണി രൂപീകരിച്ചിരുന്നു. സി.പി.ഐ അടക്കമുള്ള ഇടതു പാര്‍ട്ടികളും മുമ്പ് ബി.ജെ.പിയെ പിന്തുണച്ചിരുന്ന മഹാരാഷ്ട്ര മുസ്‌ലിം സംഘും അടക്കമുള്ള സംഘടനകള്‍ അംബേദ്കറിന്റെ മുന്നണിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.
അംബേദ്കറുമായി ചര്‍ച്ച നടത്തി അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു വരുന്നതിനിടെയാണ് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി സഖ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര അസംബ്ലിയില്‍ രണ്ട് അംഗങ്ങളുള്ള എ.ഐ.എം.ഐ.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായി.
മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന ബന്ധം അവതാളത്തിലാവുകയും ഭരണവിരുദ്ധ തരംഗം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനു വേണ്ടി കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഉവൈസിയുടെ നീക്കം. ഇതേപ്പറ്റി പ്രകാശ് അംബേദ്കര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉവൈസിയും അംബേദ്കറും ചേര്‍ന്ന് മുന്നണിയുണ്ടാക്കിയാല്‍ ദളിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ചു പോവുകയും അത് ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.