എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ കോണ്‍ഗ്രസിന്റെ ശത്രുവായി താന്‍ കാണുന്നില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ശനിയാഴ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി രചിച്ച പ്രോഫറ്റ് ഫോര്‍ ദി വേള്‍ഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസദുദ്ദീന്‍ ഒവൈസി എം.പിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒവൈസി പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിക്കുമെങ്കിലും അദ്ദേഹത്തെ ശത്രുവായി താന്‍ കാണുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദളിതര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഒവൈസി പാര്‍ലമെന്റില്‍ പ്രസംഗിക്കാറുള്ളതെന്നും തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം ശത്രുതക്ക് തുല്ല്യമല്ലെന്നും ഒവൈസി കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോഴും സമൂഹത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശബ്ദമെന്ന നിലയില്‍ അതിനെ പോസിറ്റീവായാണ് സമീപിക്കാറുള്ളതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
അധസ്ഥിതര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ‘ഹൈദരാബാദി’ എന്ന നിലയില്‍ ഒവൈസിയുടെ പേരില്‍ താന്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സുകാരും കോര്‍പറേറ്റുകളും അധികമായി പാര്‍ലമെന്റിലെത്തുന്ന കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ കുറവാണെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു. ഇടക്കൊക്കെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വിമര്‍ശിക്കാറുണ്ടെങ്കിലും ശക്തമായ സര്‍ക്കാറിനെ ശക്തമായി പ്രവര്‍ത്തിക്കാന്‍ ഈ വിമര്‍ശനങ്ങള്‍ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.