പട്‌ന: ബിഹാറില്‍ എഴുപത് ശതമാനവും മുസ്‌ലിം വോട്ടുള്ള കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സ്വീറ്റി സിങ്. 1.15ലെ കണക്കുകള്‍ പ്രകാരം 4740 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവര്‍ക്കുള്ളത്. മഹാസഖ്യത്തിന് കിട്ടേണ്ട 18.59 ശതമാനം വോട്ടാണ് ഇതുവരെ അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഖമറുല്‍ ഹുദ നേടിയത്.
ഉച്ചവരെയുള്ള കണക്കു പ്രകാരം 12748 വോട്ടാണ് സ്വീറ്റി സിങിന് കിട്ടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇജ്ഹാറുല്‍ ഹുസൈന് 7043 വോട്ടു കിട്ടി. മൂന്നാം സ്ഥാനത്താണ് ഉവൈസിയുടെ സ്ഥാനാര്‍ത്ഥിയുള്ളത്. പിടിച്ച വോട്ട് 3406. 2015ല്‍ കോണ്‍ഗ്രസിന്റെ ഡോ മുഹമ്മദ് ജാവേദ് ജയിച്ച മണ്ഡലമാണിത്. 8609 വോട്ടായിരുന്നു ഭൂരിപക്ഷം.
മുഹമ്മദ് ജാവേദ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കിഷന്‍ഗഞ്ചിലെ നിയമസഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി ഖമറുല്‍ ഹുദ ജയിക്കുകയും ചെയ്തു. ബിഹാറിന്റെ വടക്കു കിഴക്കന്‍ മൂലയിലാണ് കിഷന്‍ഗഞ്ച് ജില്ല സ്ഥിതി ചെയ്യുന്നത്. അതിവസിക്കുന്നവരില്‍ നാലില്‍ മൂന്ന് ശതമാനവും മുസ്‌ലിംകളാണ്. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളില്‍ ഒന്നു കൂടിയാണ് കിഷന്‍ഗഞ്ച്.
അതിനിടെ, ബിഹാറില്‍ 12 മണി വരെ എണ്ണിയത് 17 ശതമാനത്തില്‍ താഴെ വോട്ടു മാത്രം. കോവിഡിന്റെ സാഹചര്യത്തിലാണ് വോട്ടെണ്ണലിന് പതിവു വേഗം കൈവരാനാകാത്തത്. എണ്ണിയതില്‍ എന്‍ഡിഎയ്ക്ക് 38 ഉം മഹാസഖ്യത്തിന് 36 ഉം ശതമാനം വോട്ടാണ് കിട്ടിയിട്ടുള്ളത്.
സംസ്ഥാനത്ത് മൊത്തം 4.2 കോടി വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് നല്‍കുന്ന കണക്കു പ്രകാരം ഇതുവരെ എണ്ണിയത് 55 ലക്ഷം വോട്ടുകള്‍ മാത്രമാണ്. 242 സീറ്റുകളില്‍ ഓരോ സീറ്റിലും ശരാശരി എണ്ണിയത് ഇരുപത്തിരണ്ടായിരം വോട്ടുകള്‍ മാത്രം. ഓരോ മണ്ഡലത്തിലും 1.73 ലക്ഷം വോട്ടുകള്‍ ശരാശരി പോള്‍ ചെയ്യപ്പെട്ടു എന്നാണ് കണക്ക്.
സംസ്ഥാനത്തെ 23 സീറ്റിലെ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. മൊത്തം 67 സീറ്റുകളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ്. അതു കൊണ്ടു തന്നെ ഏതു നിമിഷവും ഫലം മാറി മറിയാം എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
നിലവില്‍ 243 അംഗ സഭയില്‍ 127 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം 104 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപി അഞ്ചിടത്തും മറ്റു കക്ഷികള്‍ പത്തു സീറ്റിലും മുമ്പില്‍ നില്‍ക്കുന്നു.
ബിജെപിയിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില്‍ക്കുന്നത്. 73 സീറ്റാണ് പാര്‍ട്ടിക്കുള്ളത്. ആര്‍ജെഡി 66 സീറ്റിലും ജെഡിയു 47 സീറ്റിലും മുമ്പിട്ടു നില്‍ക്കുന്നു. 23 ഇടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.