ഡല്‍ഹി: തകരാറുള്ള വാഹനം തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ വാഹനങ്ങളുടെ തകരാറുമായി ബന്ധപ്പെട്ട് കുറഞ്ഞത് 100 പരാതിയെങ്കിലും ഉണ്ടെങ്കില്‍ നിര്‍ബന്ധമായി തിരിച്ചുവിളിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലാവും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് കടുത്ത പിഴ ഈടാക്കും. കുറഞ്ഞത് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ പിഴ ചുമത്താവുന്നതാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
തകരാറുള്ള വാഹനങ്ങളുടെ എണ്ണം നിശ്ചിത ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ വെഹിക്കിള്‍ റീക്കോള്‍ പോര്‍ട്ടലിന്റെ മാനേജര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കണം. 1989 മോട്ടോര്‍ വാഹന നിയമം അനുസരിച്ചാണ് നടപടി സ്വീകരിക്കേണ്ടത്. ഒരു മോഡലിന്റെ തകരാര്‍ സംബന്ധിച്ച് നിരവധി ഉടമകള്‍ ഒരേ പരാതി തന്നെ ഉന്നയിക്കുന്ന ഘട്ടത്തിലാണ് നടപടികള്‍ സ്വീകരിക്കേണ്ടത് എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ ഒരു മോഡലിനെതിരെ നിശ്ചിത എണ്ണം പരാതികള്‍ വന്നാല്‍ വാഹനം തിരിച്ചുവിളിക്കാം. അതായത് വാര്‍ഷിക വില്‍പ്പനയുടെ 10 ശതമാനമോ അല്ലെങ്കില്‍ 3000ലധികമോ പരാതികള്‍ ലഭിച്ചാല്‍ വാഹനനിര്‍മ്മാതാക്കള്‍ ആ മോഡല്‍ തിരിച്ചുവിളിക്കണം.
പ്രതിവര്‍ഷം 500 യൂണിറ്റുകള്‍ വരെ രജിസ്റ്റര്‍ ചെയ്യുന്ന ഒരു മോഡല്‍ കാറിനെതിരെ സമാനമായ 20 ശതമാനം പരാതികള്‍ വന്നാല്‍ തിരിച്ചുവിളിക്കാം. 501 മുതല്‍ 10000 വരെ ആണെങ്കില്‍ കുറഞ്ഞത് നൂറോ അല്ലെങ്കില്‍ 10 ശതമാനമോ പരാതികള്‍ ലഭിച്ചാല്‍ വാഹനനിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.