X

വീര്‍പ്പുമുട്ടി ഗസ്സയില ആശുപത്രികള്‍; പരിക്കുമായി മിനുട്ടില്‍ ഒരാള്‍, ഏറെയും കുട്ടികള്‍

ഗസ്സ: സാധാരണക്കാരെ കൊന്നുതള്ളി ഗസ്സയില്‍ ഇസ്രാഈല്‍ ബോംബുവര്‍ഷവും മിസൈലാക്രമണവും തുടരുകയാണ്. ഇന്നലെ രാവിലെ മുതുല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇസ്രാഈലി പോര്‍വിമാനങ്ങള്‍ ഗസ്സക്കു മുകളില്‍നിന്ന് ഒഴിഞ്ഞുപോകാതെ ബോംബു വര്‍ഷം തുടര്‍ന്നുകൊണ്ടിരുന്നു. ഖാന്‍ യൂനിസിലെ നാസിര്‍ ആശുപത്രിയിലേക്ക് പരിക്കേറ്റവരെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ കുതിച്ചെത്തുകയാണ്. ആംബുലന്‍സുകളില്‍ ഏറെയും കുട്ടികളാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രാഈലിന്റെ ബോംബുവര്‍ഷത്തില്‍ പരിക്കേറ്റ് ഒരു മിനുട്ടില്‍ ഒരാളെന്ന തോതിലാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ ആശുപത്രികളുടെ സ്ഥിതി ഏറെ ഭീതിതമാണ്. മരുന്നിനും മെഡിക്കല്‍ ഉപകരണങ്ങളും കടുത്ത ക്ഷാമം നേരിടുന്നതോടൊപ്പം പരിക്കുകളുമായി വരുന്നവരില്‍ ആരെ ആദ്യം ചികിത്സിക്കണമെന്ന് അറിയാതെ ഡോക്ടര്‍മാരുള്‍പ്പെടുന്ന ജീവനക്കാരും തളരുകയാണ്. മാരക മുറികളുമായി കുട്ടികളുള്‍പ്പെടെ എത്തുമ്പോള്‍ വിശ്രമം പോലുമില്ലാതെയാണ് ജീവനക്കാര്‍ നെട്ടോട്ടമോടുന്നത്. ആശുപത്രികളുടെ പുറത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ഇസ്രാഈലിന്റെ ബോംബാക്രമണത്തില്‍നിന്ന് രക്ഷതേടി ആയിരക്കണക്കിന് കുടുംബങ്ങളാണ് ആശുപത്രികള്‍ക്കു സമീപം തമ്പടിച്ചിരിക്കുന്നത്. ആശുപത്രികളെ ആക്രമണത്തില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ ഇവിടേക്ക് ഒഴുകുകയാണ്. കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം പതിനായിരങ്ങള്‍ ഒന്നിച്ച് തമ്പടിച്ചതോടെ നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീനിയന്‍സ് എന്ന സംഘടന പറയുന്നു. മരുന്നിനോടൊപ്പം രക്തത്തിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരില്‍ പലരും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചിട്ടുണ്ട്. 16 ആശുപത്രികളും ആറ് ക്ലിനിക്കുകളും ഉള്‍പ്പെടെ 24 ആരോഗ്യ കേന്ദ്രങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.

webdesk11: