തിരുവനന്തപുരം: പനിക്കിടക്കയില്‍ നിന്ന് മോചിതമാകാതെ കേരളം. സംസ്ഥാനത്ത് പനിയും സാംക്രമിക രോഗങ്ങളും വേഗത്തില്‍ വ്യാപിക്കുന്നു. പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടുള്ള മരണവും വര്‍ധിച്ചിട്ടുണ്ട്. ഈ മാസം മാത്രം വിവിധ പനികള്‍ ബാധിച്ച് മരിച്ചത് 27 പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍. അതേ സമയം പനി മരണങ്ങള്‍ ഔദ്യോഗിക കണക്കിലുള്‍പ്പെടുത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ 13164 പേരാണ് സംസ്ഥാനത്ത് ആകെ പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം ജില്ലയിലാണ് രോഗം രൂക്ഷമായിട്ടുള്ളത്. മലപ്പറത്ത് ഇന്നലെ 2171 പേര്‍ പനി ചികിത്സ തേടി. കോഴിക്കോട്(1199), എറണാകുളം(1257), തിരുവനന്തപുരം(1145) ജില്ലകളിലും പനി വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 19 ദിവസത്തിനിടെ പനിബാധിച്ച് ചികില്‍സക്കെത്തിയത് 161346 പേരാണ്.
ഡെങ്കിപ്പനിയും വ്യാപകമായി പടരുന്നുണ്ട്. ഇന്നലെ 108 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 218 പേരില്‍ രോഗം ലക്ഷണം കണ്ടെത്തുകയും ചെയ്തു. എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഡെങ്കി വ്യപകമായി പടര്‍ന്നു പിടിക്കുന്നത്. ഇന്നലെ എറണാകുളത്ത് 43 പേരില്‍ രോഗം സ്ഥിരീകരിച്ചു. 55 പേരില്‍ ഡെങ്കി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പാലക്കാട് 23 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 20 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കൊല്ലത്ത് 12 പേരിലും മലപ്പുറത്ത് 10 പേരിലും രോഗം സ്ഥിരീകരിച്ചു. ഈ മാസം ആകെ 1008 പേരിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ആകെ എട്ട് പേരില്‍ ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു.